tb

കോഴഞ്ചേരി : പൊളിഞ്ഞു വീഴാറായ ടി.ബി കേന്ദ്രത്തിന് പകരം പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതി. മൂന്ന് കോടി രൂപ ചെലവിലാണ് ടി.ബി കേന്ദ്രം നിർമ്മിക്കുന്നത്. രണ്ട് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ലാബ്, ഒ.പി, ഓഫീസ്, റിസപ്ഷൻ, ചികിത്സാ മുറി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. ബാക്കി നടപടിക്രമങ്ങൾ നടന്ന് വരികയാണ്.

ടി.ബി കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണം ഇടയ്ക്ക് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമം നടന്നിരുന്നു. കേന്ദ്രത്തിലെ പരിശോധനാമെഷീനുകളിൽ പലതും നശിക്കാതിരിക്കാൻ മറ്റു ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ.

അവശതയിലായ ടി.ബി കേന്ദ്രം

പൊളിഞ്ഞുവീഴുന്നതും ഷോക്കേൽക്കുന്നതുമായ ചുവരുകളും തകർന്ന വാതിലും തലയിൽ വീഴാൻ വെമ്പുന്ന കോൺക്രീറ്റ് മേൽക്കൂരയുമായി ശോചനീയാവസ്ഥയിലായിരുന്നു കോഴഞ്ചേരിയിലെ ടി.ബി കേന്ദ്രം.

ടി.ബി, എയ്ഡ്‌സ് രോഗികളെ പരിശോധിക്കുന്നത് ഈ കേന്ദ്രത്തിലാണ്. കോഴഞ്ചേരി ജില്ലാ ആശുപത്രി വളപ്പിനുള്ളിൽ ഒ.പി കൗണ്ടറിനും ഓഫീസിനും സമീപത്തായാണ് ടി.ബി കേന്ദ്രം. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

ജില്ലാ ടി.ബി കേന്ദ്രത്തിനായി 2019ൽ കേന്ദ്ര സർക്കാർ ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ കൊവിഡ് സാഹചര്യത്താൽ ഫണ്ട് മുടങ്ങി. അപകടാവസ്ഥയിലായതിനാൽ ഒരു കോടി ചെലവിട്ട് ഈ കെട്ടിടം നവീകരിക്കാനാവില്ലെന്ന് വന്നതോടെ പദ്ധതി നടപ്പായില്ല. പിന്നീട് മന്ത്രി ഒരുകോടി രൂപ അനുവദിച്ചെങ്കിലും അതും നടപ്പായില്ല.

ടി.ബി കേന്ദ്രത്തിന്റെ നടപടിക്രമങ്ങൾ നടക്കുകയാണ്. വേഗത്തിൽ നിർമ്മാണം ആരംഭിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പഴയ കെട്ടിടം പൊളിച്ചു നീക്കും.

ആശുപത്രി അധികൃതർ