
ശബരിമല: ശബരിമല റോപ് വേ പദ്ധതിക്ക് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യു ഭൂമി കൈമാറാനുള്ള ഉത്തരവ് പുറത്തിറക്കി സർക്കാർ. കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി ഭൂമി തർക്കം ഉൾപ്പെടെ നിലനിൽക്കുന്നതിനെ തുടർന്ന് നിലച്ചുപോയ പദ്ധതിക്കാണ് സർക്കാർ ഉത്തരവിലൂടെ ജീവൻവച്ചത്. കൊല്ലം ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിലുള്ള കട്ടിളപ്പാറ സെറ്റിൽമെന്റ് ഭൂമിയിൽ നിന്ന് രണ്ട് യൂണിറ്റുകളിലായി 4.5336 ഹെക്ടർ ഭൂമി പരിഹാര വനവത്കരണത്തിനായി വനംവകുപ്പിന് കൈമാറാനാണ് അഡിഷണൽ സെക്രട്ടറി ഗോപകുമാർ ആർ.എൽ ഉത്തരവ് നൽകിയിരിക്കുന്നത്.
അതേസമയം,കേന്ദ്ര വനംവന്യജീവി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായാലേ റോപ് വേയുടെ നിർമ്മാണം തുടങ്ങാനാകൂ. ഇത് ലഭിച്ചാൽ മഴക്കാലവും തീർത്ഥാടന കാലവും ഒഴികെയുള്ള 24 മാസംകൊണ്ട് പരിസ്ഥിതി സൗഹൃദമായി നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ദേവസ്വം ബോർഡ് അധികൃതരും പ്രതീക്ഷിക്കുന്നത്.
റോപ് വേ
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം അപകടരഹിതവും സുഗമവുമാക്കാനും അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസായി ഉപയോഗിക്കുന്നതിനുമാണ് റോപ് വേ നിർമ്മിക്കുന്നത്. പമ്പ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം അവസാനിക്കും വിധമാണ് നിർദ്ദിഷ്ട റോപ് വേ.
നീളം: 2.7 കിലോമീറ്റർ
ഉയരം: 40 മുതൽ 70 മീറ്റർ വരെ
നിർമ്മാണ ചെലവ്: 150 മുതൽ 180 കോടി വരെ