
തിരുവല്ല : ശബരിമല മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ 20 കിലോഗ്രാം ലഹരിവസ്തുക്കളുമായി ബംഗാൾ സ്വദേശി പിടിയിലായി. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നടത്തിയ റെയ്ഡിൽ പാൻമസാല കടത്തിക്കൊണ്ടുവന്ന പശ്ചിമബംഗാൾ സ്വദേശിയായ സഹേജാത സാഹിൽ ഉസ്മാൻ (43) ആണ് പിടിയിലായത്. ഹാൻസ്, കൂൾ, ഇനത്തിൽപ്പെട്ട 60 പാക്കറ്റുകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. എക്സൈസ് റേഞ്ച് പാർട്ടിയും റെയിൽവേ പൊലീസും ഡോഗ് സ്ക്വാഡും ചേർന്ന് ബാംഗ്ലൂർ - കന്യാകുമാരി ട്രെയിൻ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പ്രതിയെയും തൊണ്ടികളും തിരുവല്ല പൊലീസിന് കൈമാറി കേസെടുത്തു. പൊലീസ് ഡോഗ് സ്‌ക്വാഡിലെ "സാമന്ത" എന്ന നായയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. തിരുവല്ല എക്‌സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ നാസർ.എച്ച്, അസി.എക്സൈസ് ഇൻസ്പെക്ടർ കെ.പി. അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അർജുൻ, അൻസറുദ്ദീൻ, രാഹുൽ സാഗർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രാജിമോൾ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിജയൻ, റെയിൽവേ പൊലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഷാജി, കോൺസ്റ്റബിൾ എം.കെ.ശ്രീകുമാർ, സ്‌ക്വാഡ് സിവിൽ പൊലീസ് ഓഫീസർ ഷാബു, സന്തോഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.