ammu

പത്തനംതിട്ട: ചുട്ടിപ്പാറ എസ്.എം.ഇ നഴ്‌സിംഗ് കോളജിലെ ബി.എസ് സി നഴ്‌സിംഗ് അവസാന വർഷ വിദ്യാർത്ഥിനി തിരുവനന്തപുരം സ്വദേശി അമ്മു എ.സജീവ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിക്കാൻ കാരണം മാനസിക പീഡനമെന്ന് സൂചന.
വെളളിയാഴ്ച രാത്രി ഏഴിനാണ് വെട്ടിപ്രത്തുള്ള സ്വകാര്യ ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നു വീണ നിലയിൽ അമ്മു സജീവിനെ സഹപാഠികൾ കണ്ടെത്തുന്നത്.
ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പത്തനംതിട്ട പൊലീസ് പ്രാഥമികാന്വേഷണം നടത്തി.

സഹപാഠികളിൽ ചിലർ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നതായി പത്തനംതിട്ട പൊലീസ് പറഞ്ഞു. അമ്മുവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു. പിതാവ് സജീവ് കോളേജിലെത്തിയാണ് പരാതി നൽകിയത്. എന്നാൽ, കോളേജ് അധികൃതർ പരാതി ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. മൈഗ്രേൻ പോലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അമ്മുവിനെ അലട്ടിയിരുന്നു. കോളേജിൽ നിന്ന് സ്റ്റഡിടൂറിന് പോകാൻ താൽപ്പര്യം പ്രകടിപ്പിക്കാതിരുന്ന അമ്മുവിനെ ടൂർ കോഓർഡിനേറ്ററാക്കി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു. ഹോസ്റ്റലിലെ അമ്മുവിന്റെ മുറിയിൽ പൊലീസ് പരിശോധന നടത്തി. ഡയറിയുടെ താളിൽ 'ഐ ക്വിറ്റ്' (ഞാൻ പോകുന്നു) എന്നൊരു വാചകം എഴുതിയിട്ടുണ്ട്. മൊബൈൽ ഫോണും കണ്ടെടുത്തു. പത്തനംതിട്ട ഡിവൈ.എസ്.പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.