പന്തളം: ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകാൻ നീക്കം . 33 അംഗ കൗൺസിലിൽ ബി.ജെ.പി 18,​ എൽ.ഡി.എഫ് 9,​ യു.ഡി.എഫ് 5,​ സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില എൽ.ഡി.എഫിലെ 9 അംഗങ്ങളും ബി.ജെ.പി വിമതരായ രണ്ട് അംഗങ്ങളും ഒരു സ്വതന്ത്രനും ഉൾപ്പെടെ 12 പേർ ചേർന്നാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ നീക്കം നടക്കുന്നത്. അവിശ്വാസ പ്രമേയത്തിൽ മേൽ ചർച്ചയും വോട്ടെടുപ്പും വരുമ്പോൾ യു.ഡി.എഫിലെ അഞ്ച് അംഗങ്ങളും ബി.ജെ.പിയിലെ ഒരു അംഗവും കൂടി പിന്തുണയ്ക്കാനുള്ള സാദ്ധ്യത ഉണ്ടെന്നാണ് അറിവ്. ബി.ജെ.പിയിലെ 18 അംഗങ്ങളിൽ ഒരു അംഗമായ കെ.വി പ്രഭയെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയിരുന്നു. മറ്റ് രണ്ട് ബി.ജെ.പി.കൗൺസിലർമാർ ചെയർപേഴ്‌സനുമായി അഭിപ്രായ ഭിന്നതയിലാണ്. ഈ തക്കം മുതലെടുത്ത് നിലവിലെ ചെയർപേഴ്‌സനെ പുറത്താക്കുക എന്നാണ് അവിശ്വാസ പ്രമേയ കൊണ്ടുവരുന്നവരുടെ ലക്ഷ്യം.