
പത്തനംതിട്ട : നഗരത്തിലെ റോഡുകൾ ടാർ ചെയ്തപ്പോൾ വശങ്ങളിൽ വൻ താഴ്ച. ചിലയിടങ്ങളിൽ റോഡിന് ഫുട്പാത്തിൽ നിന്ന് ഒന്നര അടി വരെ ഉയരമുണ്ട്.
കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിലും സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലുമാണ് യാത്രക്കാരും ഓട്ടോറിക്ഷക്കാരും റോഡിലേക്ക് കയറാനും ഇറങ്ങാനും പ്രയാസം അനുഭവിക്കുന്നത്. നിലവിലെ ടാറിംഗിൽ നിന്ന് നാല് സെന്റിമീറ്റർ കനത്തിലാണ് വീണ്ടും ടാർ ചെയ്യുന്നത്. ഇതോടെ ഫുട്പത്തുമായി ഉയരക്കൂടുതലുള്ള ഭാഗത്ത് അപകട സാദ്ധ്യതയേറി. സെന്റ് പീറ്റഴ്സ് ജംഗ്ഷനിൽ കളക്ടറേറ്റ് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ നിന്ന് ടാറിംഗിലേക്കുള്ള ഉയരം ഒരടിയിലേറയുണ്ട്. ബസുകൾ ടാറിംഗിൽ നിറുത്തുമ്പോൾ യാത്രക്കാർ ഇറങ്ങാനും കയറാനും പെടാപ്പാടാണ്. യാത്രക്കാരുടെ സൗകര്യത്തിനായി ബസുകൾ റോഡിന് നടുവിലേക്ക് മാറ്റി നിറുത്തുന്നതിനാൽ മറ്റു വാഹനങ്ങൾക്ക് പോകാൻ കഴിയാതെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന വാഹനങ്ങൾ റോഡിലേക്ക് കയറ്റുമ്പോൾ നിയന്ത്രണം തെറ്റാനും സാദ്ധ്യതയേറെയാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ ഓട്ടോറിക്ഷകൾ റോഡിലാണ് ഇപ്പോൾ പാർക്ക് ചെയ്യുന്നത്. ഫുട്പാത്തിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന ഓട്ടോകൾക്ക് റോഡിലെ ഉയരക്കൂടുതൽ കാരണം സ്ഥലം കുറഞ്ഞു.
ടാറിംഗ് ഇന്ന് പൂർത്തിയായാൽ വശങ്ങൾ നന്നാക്കും
നഗരത്തിലെ റോഡ് ടാറിംഗ് ഇന്നത്തോടെ പൂർത്തിയായേക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം പറഞ്ഞു. സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെയും സെൻട്രൽ ജംഗ്ഷൻ മുതൽ കോളേജ് ജംഗ്ഷൻ വരെയുമാണ് ഇനി ടാർ ചെയ്യാനുള്ള പ്രധാന ഭാഗങ്ങൾ. ടാറിംഗിൽ നിന്ന് വശങ്ങളിലേക്കുള്ള ഉയരം കുറയ്ക്കും. കോൺക്രീറ്റ് ചെയ്തും ഇന്റർലോക്ക് കട്ട പാകിയും വശങ്ങൾ നവീകരിക്കും.
പൊലീസ് സംരക്ഷണം തേടി
നഗരത്തിലെ ടാറിംഗിന് പൊതുമരാമത്ത് അധികൃതർ പൊലീസ് സംരക്ഷണം തേടി എസ്.പിക്ക് പരാതി നൽകി. സെൻട്രൽ ജംഗ്ഷനിലെ ഹംപ് നീക്കം ചെയ്തപ്പോൾ എതിർപ്പുമായി എത്തിയവർ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. അപകടം ഒഴിവാക്കാൻ ഹംപ് നിലനിറുത്തണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. ഹംപുകൾ ഒഴിവാക്കണമെന്ന് കോടതി നിർദേശമുണ്ടെന്ന് അധികൃതർ പറഞ്ഞു. അപകടം കുറയ്ക്കാൻ റംബിൾസ് ഘടിപ്പിക്കും.