
കോന്നി: കിഴക്കുപുറം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശബരിമല തീർത്ഥാടന കാലത്ത് നിരവധി അയ്യപ്പഭക്തന്മാരാണ് കിഴക്കുപുറം വഴി കാൽനടയായി സഞ്ചരിക്കുന്നത്. ജംഗ്ഷനിലെ വെളിച്ചക്കുറവ് തീർത്ഥാടകരുടെ സുരക്ഷയെ ബാധിക്കുന്നുണ്ട്. കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളിലെ രണ്ടു വാർഡുകളിൽ ഉൾപ്പെടുന്നതാണ് പ്രദേശം. അച്ചൻകോവിൽ - കോന്നി വഴി കാൽനടയായി തമിഴ്നാട്ടിൽ നിന്നെത്തുന്ന തീർത്ഥാടകർ കോന്നി മുരിങ്ങമംഗലം ഇടത്താവളത്തിൽ വിശ്രമിച്ച ശേഷം ചാങ്കൂർമുക്ക്, അട്ടച്ചാക്കൽ, ആഞ്ഞിലിക്കുന്ന് കിഴക്കുപുറം , ഇലക്കുളം, കാഞ്ഞിരപ്പാറ വഴി മലയാലപ്പുഴ ദേവീക്ഷേത്രത്തിലെത്തുന്നു. തുടർന്ന് മണ്ണാറക്കുളഞ്ഞി വടശ്ശേരിക്കര വഴി പമ്പയിലേക്കും പോകുന്നു.