പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ മൾട്ടിപ്ലക്സ് തീയേറ്റർ കോംപ്ലക്സ് നിർമ്മിക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു. പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേള സംഘാടകസമിതിയുടെ വിലയിരുത്തൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര മേളയുടെ ആദ്യ എഡിഷൻ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നിൽ നഗരത്തിലെ തിയേറ്ററുകളുടെ സഹകരണം ഉണ്ടായി. വരും വർഷങ്ങളിൽ കൂടുതൽ മികവോടെ മേള നടത്തുന്നതിന് മുൻകൂർ തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് സാംസ്കാരിക വകുപ്പിന്റെ പിന്തുണയോടെ ഇത്തരമൊരു പദ്ധതി ഭരണസമിതി ആലോചിച്ചത്. ജില്ലാ ആസൂത്രണ സമിതിയിൽ അംഗീകാരത്തിനായി പദ്ധതി സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേള വിജയമാക്കാൻ പ്രവർത്തിച്ചവർക്ക് ചെയർമാൻ നന്ദി അറിയിച്ചു. ഐ.എഫ്. എഫ്. പി സംഘാടക സമിതി ജനറൽ കൺവീനർ എം. എസ് സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
സംഘാടകസമിതി വൈസ് ചെയർമാൻ ജി.വിശാഖൻ, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ സി.കെ അർജുനൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി.കെ അനീഷ്, കൺവീനർ ആർ സാബു, ഫെസ്റ്റിവൽ ഡയറക്ടർ രഘുനാഥൻ ഉണ്ണിത്താൻ, മീഡിയ കമ്മിറ്റി കൺവീനർ വിനോദ് ഇളകള്ളൂർ, ഡെലിഗേറ്റ് കമ്മിറ്റി കൺവീനർ എ ഗോകുലേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
കേരളകൗമുദിക്ക് പുരസ്കാരം
ചലച്ചിത്രമേളയുടെ മികച്ച മാദ്ധ്യമ റിപ്പോർട്ടിംഗിനുള്ളള്ള പുരസ്കാരം കേരളകൗമുദി പത്രത്തിന് ലഭിച്ചു. കേരളകൗമുദി സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ ഏറ്റുവാങ്ങി. ദൃശ്യ മാദ്ധ്യമത്തിനുള്ള പുരസ്കാരം മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ സി.കെ. അഭിലാലിന് ലഭിച്ചു. മേളയിൽ സന്നദ്ധ പ്രവർത്തകരായി വിവിധ കോളേജുകളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.