winners
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ് നേടിയ സ്റ്റിൽ മോഡലുമായി തിരുവല്ല ദേവസ്വം ബോർഡ് സ്‌കൂളിലെ മൈഥിലി രാമനും അമൃതശ്രീയും

തിരുവല്ല : പുഴവെള്ളത്തിലും കിണർ ജലത്തിലും എല്ലാം അടങ്ങിയിട്ടുള്ള മൈക്രോ പ്ലാസ്റ്റിക് എങ്ങനെ നീക്കാമെന്നുള്ള മാതൃകാ നിശ്ചലരൂപത്തിന് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ നിന്ന് ദേശീയ ശാസ്ത്രോത്സവത്തിലേക്ക് അർഹത നേടി. തിരുവല്ല കാവുംഭാഗം ഡി.ബി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി എസ്. മൈഥിലി രാമൻ, ഒൻപതാം ക്ലാസുകാരി അമൃതശ്രീ വി.പിള്ള എന്നിവർ ചേർന്നാണ് ഈ മോഡൽ അവതരിപ്പിച്ചത്. പുഴയോരങ്ങളിലെ പ്രധാന ഇടങ്ങളിലെല്ലാം ഈ പ്ലാന്റുകൾ സ്ഥാപിക്കുകവഴി ജലത്തിലെ അദൃശ്യമായ മൈക്രോ പ്ലാസ്റ്റിക് അംശങ്ങൾ തടയാൻ കഴിയുമെന്നാണ് കുട്ടികളുടെ നിർദ്ദേശം. ഇതിനുള്ള രാസ പദാർത്ഥങ്ങൾ ഏതെല്ലാമെന്നും ഇവർ വിവരിക്കുന്നു. ദേശീയ ശാസ്ത്രോത്സവത്തിലും മൈക്രോ പ്ലാസ്റ്റിക് വിമുക്തിയുടെ മികവാർന്ന സ്റ്റിൽ മോഡൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളും കുട്ടികൾ തുടങ്ങി.