കോന്നി: റിട്ട: പൊലീസ് ഉദ്യോഗസ്ഥനും കേരള കോൺഗ്രസ് കോന്നി നിയോജകമണ്ഡലം പ്രസിഡന്റുമായ കൊന്നപ്പാറ കുറുമ്പേശ്വരത്ത് കെ എസ് ജോസിനെ മർദ്ദിച്ച കേസിൽ പഞ്ചായത്ത് അംഗത്തെ റിമാൻഡ് ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗമായ കൊന്നപ്പാറ തപാലിൽ പി വി ജോസഫ് ആണ് റിമാൻഡിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് കൊന്നപ്പാറയിൽ വച്ച് ഇരുവരും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായി. ജോസിന്റെ വീട്ടിലേക്ക് തടി ലോഡ് ചെയ്തതിനെ തുടർന്ന് പഞ്ചായത്ത് റോഡിന് കേടുപാടുകൾ ഉണ്ടായതിനെ ചൊല്ലിയായിരുന്നു തർക്കം. തുടർന്ന് ജോസഫ് , ജോസിനെ മരക്കുറ്റി ഉപയോഗിച്ച് അടിച്ചെന്നാണ് കേസ്. ജോസിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റിരുന്നു.