
പത്തനംതിട്ട : കോന്നിയിലെ സിവിൽ സപ്ളൈസ് ഗോഡൗണിൽ നിന്ന് 943 ക്വിന്റൽ അരി കടത്തിക്കൊണ്ടുപോയതായി പരിശോധനയിൽ കണ്ടെത്തി. 800 ക്വിന്റൽ മോഷണം പോയെന്നായിരുന്നു കഴിഞ്ഞമാസം പുറത്തുവന്ന വിവരം. കഴിഞ്ഞ 11ന് ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ അളവിൽ അരി കടത്തിയതായി കണ്ടെത്തിയത്.
ഗോഡൗണിൽ ക്രമരഹിതമായി അരിച്ചാക്കുകൾ അടുക്കിയാണ് തട്ടിപ്പ് മറയ്ക്കാൻ ശ്രമിച്ചത്. അരിച്ചാക്കിന്റെ അട്ടികൾ തമ്മിൽ നാലടി അകലം വേണമെന്നാണ് ചട്ടം. ഇതുപാലിക്കാതെ ചാക്കുകൾ കൂട്ടിയിട്ട് അടുക്കിയതിനാൽ കടത്തിയ അരി എത്രമാത്രമെന്ന് വ്യക്തമായിരുന്നില്ല. കടത്തിയതിൽ ഏറെയും കേന്ദ്രസർക്കാർ അനുവദിക്കുന്ന പച്ചരിയാണ്. കഴിഞ്ഞ മാസങ്ങളിൽ റേഷൻ കടകളിലുണ്ടായ പച്ചരി ക്ഷാമത്തിന്റെ കാരണമിതായിരുന്നു. റേഷൻ കടകളിൽ മുൻഗണന വിഭാഗങ്ങൾക്ക് സൗജന്യമായും മറ്റു കാർഡുകാർക്ക് കിലോയ്ക്ക് 13രൂപയ്ക്കും ലഭിക്കുന്ന പച്ചരി സ്വകാര്യ കടകളിൽ കിലാേയ്ക്ക് 46രൂപവരെ ഇൗടാക്കുന്നുണ്ട്. കോന്നിയിലെ അരി കടത്തിയത് ചങ്ങനാശേരിയിലേക്കാണെന്ന് കണ്ടെത്തിയിരുന്നു. സ്വകാര്യ അരിക്കച്ചവടക്കാരുടെ ഗോഡൗണുകളിൽ കടത്തിയ അരി എത്തിയതായി വിവരം ലഭിച്ചിട്ടും സിവിൽ സപ്ളൈസ് വകുപ്പ് അന്വേഷണം നടത്തിയില്ല.
ചുമതലയേൽക്കാൻ ആളില്ല
വകുപ്പുതല അന്വേഷത്തിൽ ഗോഡൗണിന്റെ ചുമതലയുണ്ടായിരുന്ന ഒരാളെ സസ്പെൻഡ് ചെയ്യുകയും രണ്ടുപേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പകരം ചുമതലയേൽക്കേണ്ടവർ അവധിയിൽ പോയി. ചികിത്സയ്ക്കെന്ന് പറഞ്ഞാണ് രണ്ടുപേർ അവധിയെടുത്തത്. ചുമതലയേറ്റ ഒരാൾ ഗോഡൗണിലെ അരിച്ചാക്കുകളുടെ അട്ടികൾ പരിശോധിച്ചപ്പോഴാണ് കൂടുതൽ അരി മോഷണം കണ്ടെത്തിയത്.
എന്നിട്ടും പൊലീസ് കേസില്ല
ഗോഡൗണിൽ നിന്ന് 943 ക്വിന്റൽ അരി മോഷ്ടിച്ചു കടത്തിയ സംഭവം വലിയ ചർച്ചയായെങ്കിലും വകുപ്പ് തല അന്വേഷണത്തിലൊതുങ്ങി. മോഷണത്തിന് പാെലീസിൽ പരാതി നൽകാതെ ഒരാളെ സസ്പെൻഡ് ചെയ്യുകയും രണ്ടുപേരെ സ്ഥലം മാറ്റുകയും ചെയ്തതു മാത്രമാണ് നടപടി.
മോഷണം പോയത് 943 ക്വിന്റൽ അരി