
പത്തനംതിട്ട : 162 കായികതാരങ്ങളുമായി കൊച്ചിക്ക് വണ്ടി കയറിയ ജില്ലയുടെ കൗമാര പ്രതിഭകൾ സംസ്ഥാന സ്കൂൾ കായികമേളയുടെ മെഡൽ പട്ടികയിൽ ഏറ്റവും പിന്നിലായതിൽ അത്ഭുതപ്പെടാനില്ലെന്ന അഭിപ്രായമാണ് കായിക അദ്ധ്യാപകർക്കുള്ളത്. കുട്ടികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ പോലും ലഭിക്കാത്ത ജില്ലയിൽ നിന്ന് ഇതിൽ കൂടുതലെന്ത് പ്രതീക്ഷിക്കാനാണെന്ന് അദ്ധ്യാപകർ ഒന്നടങ്കം ചോദിക്കുന്നു. ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയതിലൂടെ അഞ്ച് പോയിന്റാണ് ജില്ലയ്ക്ക് ആകെ ലഭിച്ചത്. കഴിഞ്ഞ വർഷം 7 പോയിന്റ് ലഭിച്ചിരുന്നു.
കായിക അദ്ധ്യാപകരില്ല
ജില്ലയിൽ 90 ശതമാനം സ്കൂളിലും കായിക അദ്ധ്യാപകരില്ല. ആകെ 55 കായിക അദ്ധ്യാപകർ മാത്രമാണുള്ളത്. ഒരു സ്കൂളിൽ കായിക അദ്ധ്യാപകനെ അനുവദിക്കണമെങ്കിൽ യു.പി വിഭാഗത്തിൽ അഞ്ഞൂറ് വിദ്യാർത്ഥികളെങ്കിലും ഉണ്ടാകണം. എട്ട്, ഒൻപത് ക്ലാസുകളിൽ അഞ്ച് ഡിവിഷൻ വേണം. ഇത്രയധികം കുട്ടികൾ ഉള്ള കേരള സ്കൂളുകൾ പത്തനംതിട്ടയിൽ കുറവാണ്. അതിനാൽ അദ്ധ്യാപകരെ നിയമിക്കാൻ സാധിക്കില്ല. ബി.ആർ.സി വഴി കൂടുതൽ അദ്ധ്യാപകരെ നിയമിക്കാൻ സാധിക്കുമെങ്കിലും ജില്ലയിൽ ഇത്തരത്തിൽ ഒരു പിന്തുണയില്ല.
പല സ്കൂളിലും മറ്റ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് ഫിസിക്കൽ ട്രെയിനിംഗ് നടത്തുന്നത്. ഇതിൽ പലരും പരിശീലനം ലഭിക്കാത്തവരുമാണ്.
.
അടിസ്ഥാന സൗകര്യങ്ങളില്ല
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ജില്ലയിലെ കുട്ടികൾക്ക് ലഭിക്കുന്നില്ല. സാധാരണക്കാരായ വിദ്യാർത്ഥികളാണ് കായിക താരങ്ങളിലധികവും. ജഴ്സിയും സ്പൈക്കുമൊക്കെ വാങ്ങാൻ പണം തികയാത്തവരാണ് കൂടുതലും. പല കുട്ടികളുടെയും പരിശീലനത്തിന് അദ്ധ്യാപകരാണ് ചെലവ് വഹിക്കുന്നത്.
പരിശീലിക്കാൻ ആവശ്യമായ ഗ്രൗണ്ടുകളും ജില്ലയിൽ പലയിടത്തുമില്ല. ആകെയുള്ള കൊടുമൺ സ്റ്റേഡിയത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നത് തന്നെ വലിയ ചെലവാണ്. സ്റ്റേഡിയത്തിൽ കയറാൻ ഒരാൾക്ക് 25 രൂപയാണ് ഫീസ്. ഇത് നൽകുന്നത് അദ്ധ്യാപകരാണ്. രക്ഷിതാക്കൾ പലരും ചെലവ് ഭയന്ന് കുട്ടികളെ പരിശീലനത്തിന് അയയ്ക്കാൻ മടിക്കുകയാണ്.
മിടുക്കൻമാർ മറ്റു ജില്ലകളിലേക്ക്
മികവ് പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളെ മറ്റ് ജില്ലകളിലെ സ്കൂളുകളും അക്കാദമികളും സ്പോൺസർഷിപ്പിലൂടെ സ്വന്തമാക്കുന്നുണ്ട്. കായിക മേഖലയിലെ സാദ്ധ്യതകൾ തിരിച്ചറിയുന്ന രക്ഷിതാക്കൾ കുട്ടികളെ പുറത്തുവിട്ട് പഠിപ്പിക്കാൻ തയ്യാറാണ്.
ജില്ലയിലെ 90 ശതമാനം സ്കൂളിലും
കായിക അദ്ധ്യാപകരില്ല,
സംസ്ഥാന സ്കൂൾ മീറ്റിൽ 14-ാം സ്ഥാനം,
നേടിയത് ഒരു വെള്ളിയും രണ്ട് വെങ്കലവും മാത്രം
കുട്ടികളിലെ കഴിവ് തിരിച്ചറിഞ്ഞ് പരിശീലിപ്പിച്ച് മുന്നോട്ട് കൊണ്ടുവരണം. പരിശീലിപ്പിക്കാൻ ആവശ്യമായ ഉപകരണങ്ങൾ പോലും ജില്ലയ്ക്കില്ല.
അമൽ സന്തോഷ് ജോസഫ്
(ഡിസ്‌കസ് ത്രോയിൽ വെള്ളി മെഡൽ വാങ്ങിയ അമൽ മനോജിന്റെ പരിശീലകൻ, മാർത്തോമ്മാ ഹൈസ്‌കൂൾ, കുറിയന്നൂർ )