road
കുറ്റൂർ -മനയ്ക്കച്ചിറ റോഡിലെ റെയിൽവേ അടിപ്പാത

തിരുവല്ല : മഴക്കാലത്ത് വെള്ളക്കെട്ടിന്റെ ദുരിതത്തിനൊപ്പം കുറ്റൂർ അടിപ്പാതയിൽ അടിക്കടി പണികൾ ചെയ്യാനായി അടച്ചിട്ടും യാത്രക്കാരെയും നാട്ടുകാരെയും റെയിൽവേ ബുദ്ധിമുട്ടിച്ചിട്ട് നാളുകൾ. പുതിയ പരീക്ഷണം നടത്താനാണ് വീണ്ടും അടിപ്പാത അടച്ചിടുന്നത്. എം.സി റോഡിനെയും ടി.കെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട കുറ്റൂർ -മനയ്ക്കച്ചിറ റോഡിലാണ് റെയിൽവേ അടിപ്പാത നിർമ്മിച്ചിട്ടുള്ളത്. ഈ റോഡ് രണ്ടുവർഷം മുമ്പ് കോടികൾ ചെലവഴിച്ച് തിരുവല്ലയുടെ ഔട്ടർ ബൈപ്പാസായി വികസിപ്പിച്ചിരുന്നു. റോഡിലൂടെ യാത്ര സുഗമമായെങ്കിലും പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ഏഴ് വർഷങ്ങൾക്ക് മുമ്പ് റെയിൽവേ ഇവിടെ നിർമ്മിച്ച അടിപ്പാതയിലൂടെയുള്ള യാത്ര ജനങ്ങൾക്ക് തീരാ ദുരിതമായിരിക്കുകയാണ്. മഴക്കാലത്ത് അടിപ്പാതയിൽ ഉണ്ടാകുന്ന വെള്ളക്കെട്ടാണ് യാത്രയ്ക്ക് തടസമുണ്ടാക്കുന്നത്. അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങിപ്പോയ സംഭവവും ഇതിനിടെ ഉണ്ടായി.ഗൂഗിൾ മാപ്പ് നോക്കി നിരവധി യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. അയ്യപ്പ ഭക്തർ ഉൾപ്പെടെ ഇതുകാരണം ബുദ്ധിമുട്ടുണ്ടാകും.

പുതിയ പരീക്ഷണം .. !


വെള്ളക്കെട്ട് ഉണ്ടാക്കുന്ന ദുരിതത്തെക്കുറിച്ച് നാട്ടുകാരും വാഹന യാത്രക്കാരും ഉൾപ്പെടെ നിരന്തരം റെയിൽവേ അധികൃതർക്ക് പരാതികൾ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ റെയിൽവേ പണി 18 നോക്കിയിട്ടും പ്രശ്‌നത്തിന് ഇതുവരെയും ശാശ്വത പരിഹാരമായില്ല. കഴിഞ്ഞ വർഷവും ഇതേപോലെ റോഡ് അടച്ചിട്ട് പണി ചെയ്തിരുന്നു. നാലുമാസം മുമ്പ് റെയിൽവേ റോഡ് സേഫ്റ്റി ചീഫ് എൻജിനീയർ ഹുമാൻഷു ഗോസാമി അടിപ്പാത സന്ദർശിക്കുകയും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുവാൻ അടിയന്തര നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ നിർമ്മാണം നടത്താൻ റോഡ് അടച്ചിടുന്നത്. നിലവിലെ റോഡിലെ കോൺക്രീറ്റും കമ്പിയും ഇളക്കി മാറ്റിയശേഷം വെള്ളം കയറാത്ത വാട്ടർ പ്രൂഫ് കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനം.

നാളെ മുതൽ റോഡ് അടച്ചിടും
കുറ്റൂർ അടിപ്പാതയിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ മൂന്നാഴ്ച്ചത്തേക്ക് കുറ്റൂർ - മനയ്ക്കച്ചിറ റോഡ് അടച്ചിടും. 20 മുതൽ ഡിസംബർ 10വരെയാണ് അടച്ചിടുന്നത്.

..............................
കുറ്റൂർ റെയിൽവേ അടിപ്പാതയിൽ അടിക്കടി റോഡ് അടച്ചിട്ട് പണി ചെയ്യുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമാണ്. തിരുവല്ലയുടെ ഔട്ടർ ബൈപ്പാസിന്റെ നാശത്തിനും ഇത് കാരണമാകും.
വി.ആർ.രാജേഷ്
(സമീപവാസി,

പൊതുപ്രവർത്തകൻ)