ചെങ്ങന്നൂർ: റിംഗ് റോഡ് പദ്ധതിയിൽ മൂന്ന് മേൽപ്പാലങ്ങൾ ഉൾപ്പെടുന്ന പുതിയ പദ്ധതിരേഖ കേരള റോഡ് ഫണ്ട് ബോർഡ് വിഭാഗം സമർപ്പിച്ചതായി സൂചന. പുതിയ റിംഗ് റോഡിനായി 9.86 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതിലേറെയും പാടശേഖരങ്ങളാണ്. എന്നാൽ ചിലരുടെ വീടും പുരയിടവും നഷ്ടമാകും. മൂന്നു വീടുകൾ പൂർണമായും പൊളിക്കേണ്ടിവരും. സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാൻ ഇനിയും സമയമെടുക്കും. ഇതിനിടെയാണ് പദ്ധതി പുതുക്കാനുള്ള നിർദേശം കെ.ആർ.എഫ്ബി സമർപ്പിച്ചത്. കല്ലിശേരി മുതൽ മംഗലം മിത്രപ്പുഴക്കടവ് പാലം വരെയുള്ള 18 കിലോമീറ്റർ ബൈപാസ് നിലവിലുണ്ട്. ഇതിനോട് ചേർത്ത് മൂന്നു ഘട്ടമായി 6.7 കിലോമീറ്റർ റിംഗ് റോഡ് കൂടി നിർമ്മിക്കാനായിരുന്നു പദ്ധതി. ഐ.ടി.ഐ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കോഴഞ്ചേരി റോഡിൽ കെഎസ്ഇബി സബ്സ്റ്റേഷൻ കടന്ന് അങ്ങാടിക്കൽ പുത്തൻകാവ് ക്ഷേത്രത്തിനരികിലെ പാടത്തിലൂടെ നിലവിലുള്ള പൊതുമരാമത്ത് റോഡിൽ എത്തുന്നതാണ് ആദ്യഘട്ടം. 1.19 കിലോമീറ്റർ വരുന്നതാണിത്. ഹാച്ചറി ജംഗ്ഷനിൽ നിന്നാരംഭിച്ച് ആലാ റോഡിൽ പേരിശേരി മഠത്തുംപടി ലവൽ ക്രോസ് വരെ രണ്ടര കിലോമീറ്ററാണ് രണ്ടാം ഘട്ടം. പേരിശേരി മുതൽ മുണ്ടൻകാവ് വരെയാണ് മൂന്നാംഘട്ടം (3 കിലോമീറ്റർ). 2017ലെ ബജഡ്ജറ്റിലാണ് ചെങ്ങന്നൂരിൽ റിംഗ് റോഡ് എന്ന പ്രഖ്യാപനമുണ്ടായത്. 2020ൽ സ്ഥലമേറ്റെടുക്കാനായി 65 കോടി രൂപ വകയിരുത്തി. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം പൂർത്തിയായിട്ടുണ്ട്. 2017ൽ 150 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചതെങ്കിലും വർഷങ്ങൾ കഴിഞ്ഞതിനാൽ പദ്ധതിത്തുകയിൽ വർദ്ധന വന്നേക്കാം. നേരത്തെയുണ്ടായിരുന്ന രൂപരേഖയിലും മാറ്റങ്ങളുണ്ട്. അഞ്ചുവർഷത്തിനിടെയുണ്ടായ വാഹനപ്പെരുക്കം ഉൾപ്പെടെ കണക്കിലെടുത്താണ് മൂന്നു മേൽപ്പാലങ്ങൾ ഉൾപ്പെടെയുള്ള മാറ്റങ്ങൾ നിർദേശിച്ചത്.
ഗതാഗതക്കുരുക്ക് ഒഴിവാകും
റിംഗ് റോഡ് പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാകുമെന്നാണു പ്രതീക്ഷ. എംസി റോഡിലൂടെയുള്ള ദീർഘദൂരയാത്രക്കാർക്ക് നഗരത്തിൽ പ്രവേശിക്കുന്നത് ഒഴിവാക്കി റിംഗ് റോഡിലൂടെ സഞ്ചരിക്കാം.
.....................
ശബരിമല സീസൺ തുടങ്ങിയപ്പോൾ ചെങ്ങന്നൂരിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. റിംഗ് റോഡു വരുമ്പോൾ ഇതിനു മാറ്റം വരും ഗ്രാമപ്രദേശങ്ങളിലൂടെയാണു നിർദ്ദിഷ്ട റിംഗ് റോഡ് കടന്നുപോകുന്നത് എന്നത് വളർച്ചയ്ക്ക് പ്രതീക്ഷ നൽകുന്നു. അതിനായി ഏഴുവർഷം മുൻപാരംഭിച്ച റിംഗ് റോഡ് നിർമ്മാണം വേഗത്തിലാക്കണം.
സോണി
(ചെങ്ങന്നൂരിലെ വ്യാപാരി)
......................
2017ൽ 150 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു
7 വർഷം മുൻപ് ആരംഭിച്ച പദ്ധതി