ശബരിമല: സന്നിധാനത്ത് സേപാനത്തിന് മുന്നിലെ ക്യൂവിലേക്ക് എതിർദിശയിൽ നിന്ന് ആളുകൾ കയറുന്നത് പൂർണമായും ഒഴിവാക്കാൻ ദേവസ്വം ബോർഡിന്റെ തീരുമാനം. വി.ഐ.പികളടക്കമുള്ളവർക്കും ഇത് ബാധകം. സോപാനത്തിന് മുന്നിലെത്തി തൊഴുതശേഷം ഭക്തർക്ക് മുന്നോട്ടുപോകുന്നതിന് തടസമാകുന്നത് കൊണ്ടാണിത്. മണിക്കൂറുകൾ ക്യൂവിൽ നിന്ന് ദർശനം നടത്തുന്ന ഭക്തരുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.
അതേസമയം, നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പരാതി ഉയർന്നു. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് ഇതിന് സൗകര്യമൊരുക്കിയിട്ടുള്ളത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വലിയ വാഹനങ്ങളിൽ എത്തുന്ന തീർത്ഥാടകർ നിലയ്ക്കലിൽ വാഹനം പാർക്ക് ചെയ്തശേഷം കെ.എസ്.ആർ.ടി.സി ബസിലാണ് പമ്പയിലേക്ക് എത്തുന്നത്. അതിനാൽ, നിലയ്ക്കലിലും സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണമെന്നാണ് ആവശ്യം.നട തുറന്ന 15 മുതൽ ഇന്നലെ വരെ 2,26,923 പേരാണ് എത്തിയത്.