 
ഇലവുംതിട്ട : ക്ഷേത്രത്തിലെ പിത്തളയിൽ തീർത്ത നിലവിളക്കും മണിയും ഗേറ്റ് നിർമ്മാണത്തിനായി സൂക്ഷിച്ച അലൂമിനിയം പൈപ്പുകളും കവർന്ന പ്രതിയെ ഇലവുംതിട്ട പൊലീസ് പിടികൂടി. കിടങ്ങന്നൂർ കാലായിൽ വീട്ടിൽ ശശി (49) ആണ് അറസ്റ്റിലായത്. മെഴുവേലി തുണ്ടുകാട് ഗുരുമന്ദിരത്തിന് സമീപം അനിൽ നിവാസിൽ അനൂപ് കുമാറിന്റെ കുടുംബക്ഷേത്രത്തിൽ ഈ മാസം എട്ടിന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ആനക്കൊട്ടിലിൽ തൂക്കിയിട്ടിരുന്ന ഏഴ് കിലോതൂക്കമുള്ളതും 12,000 രൂപ വിലവരുന്നതുമായ പിത്തള മണിയും 7 കിലോ തൂക്കമുള്ളതും 7000 രൂപ വിലയുള്ളതുമായ പിത്തള നിലവിളക്കും ഗേറ്റ് നിർമാണത്തിനായി കരുതിയ 2500 രൂപയുടെ അലുമിനിയം പൈപ്പുകളും ഉൾപ്പെടെ ആകെ 21,500 രൂപയുടെ വസ്തുക്കളാണ് മോഷ്ടിച്ചത്. നിലവിളക്കും മണിയും ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ സമീപമുള്ള കടയിൽ വിറ്റതായി പ്രതി കുറ്റസമ്മതം നടത്തി. എസ്.ഐ.ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഓമാരായ സുധീൻ ലാൽ, അനിൽ, രാജൻകുട്ടി തുടങ്ങിയവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.