sabari

ശബരി​മല : തന്ത്രിമാരുടെ ഉപദേശമുൾപ്പടെ തേടി ദേവസ്വം ബോർഡ് പതിനെട്ടാം പടിയെ ബാധിക്കാത്ത വിധം വരുത്തിയ മാറ്റങ്ങൾ ഇത്തവണ ഏറെ ഗുണം ചെയ്തതായി പൊലീസ് സ്‌പെഷ്യൽ ഓഫീസർ കെ.ഇ.ബൈജു പറഞ്ഞു. 45 പൊലീസുകാരെയാണ് പതിനെട്ടാംപടിയിൽ ഭക്തരെ പടി ചവിട്ടാൻ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. ഓരോ 15 മിനിറ്റിലും ഇവരെ മാറ്റിക്കൊണ്ടിരിക്കും. ഡ്യൂട്ടിയിലുള്ള പാെലീസുകാർക്ക് സൗകര്യപ്രദമായി ജോലി ചെയ്യാനുതകുന്ന വിധത്തിൽ ലാഡർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡ് ഇത് ഒരുക്കിയതോടെ കൂടുതൽ ഭക്തരെ ഒരേസമയം പടി കയറ്റി വിടാനാകുന്നുണ്ട്. മുൻപ് ഒരു കൈ വടത്തിൽ പിടിച്ച് മറുകൈ കൊണ്ടു വേണമായിരുന്നു പൊലീസുകാർക്ക് അയ്യപ്പൻമാരെ സഹായിക്കാനെങ്കിൽ ഇപ്പോൾ രണ്ടു കൈകൊണ്ടും പടികയറാൻ സഹായിക്കാൻ കഴിയുന്നു.

ഭക്തരെ സഹായിക്കാൻ വൻ പൊലീസ് സംഘം

ശബരി​മല : അയ്യപ്പ ഭക്തരെ സഹായിക്കാനും സുരക്ഷയൊരുക്കാനുമായി സന്നിധാനത്ത് പ്രവർത്തിക്കുന്നത് വൻ പൊലീസ് സംഘം. ശബരിമല സ്‌പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ ഒരു അഡീഷണൽ എസ്.പി., ഒരു എ.എസ്.ഒ, എട്ട് ഡിവൈ.എസ്.പിമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. 11 സർക്കിൾ ഇൻസ്‌പെക്ടർമാർ , 33 സബ് ഇൻസ്‌പെക്ടർമാർ, 980 പൊലീസുകൾ എന്നിവരും സംഘത്തിലുണ്ട്.
കൂടാതെ ബോംബ് ഡിറ്റെക്ഷൻ സ്‌ക്വാഡ്, സായുധ കമാൻഡർമാർ, എൻ.ഡി.ആർ.എഫ്. , ദ്രുതകർമ്മസേന തുടങ്ങിയവയും പ്രവർത്തിക്കുന്നു.