 
പത്തനംതിട്ട: നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ടാർ ചെയ്ത റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തുതുടങ്ങി.
സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലാണ് ഇന്നലെ കോൺക്രീറ്റ് ചെയ്തത്. ഇതോടെ ബസിൽ കയറാനും ഇറങ്ങാനുമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവായി. റോഡ് ഉയരത്തിൽ ടാർ ചെയ്തതിനെ തുടർന്ന് വശങ്ങളിൽ വൻ താഴ്ചയായത് അപകട ഭീഷണിയായിരുന്നു. ഇക്കാര്യം ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. നഗരത്തിലെ റോഡുകളിൽ ടാറിംഗ് പൂർത്തിയായ ശേഷം വശങ്ങൾ കോൺക്രീറ്റ് ചെയ്യാനും ഇന്റർ ലോക്ക് ഇടാനുമായിരുന്നു പൊതുമരാമത്ത് തീരുമാനിച്ചത്. എന്നാൽ അപകട മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വശങ്ങൾ അടിയന്തരമായി കോൺക്രീറ്റ് ചെയ്യുകയായിരുന്നു. ചിലയിടങ്ങളിൽ റോഡിന് ഫുട്പാത്തിൽ നിന്ന് ഒന്നര അടി വരെ ഉയരമുണ്ട്. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിലും സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലുമാണ് യാത്രക്കാരും ഓട്ടോറിക്ഷക്കാരും റോഡിലേക്ക് കയറാനും ഇറങ്ങാനും പ്രയാസം അനുഭവിക്കുന്നത്. നിലവിലെ ടാറിംഗിൽ നിന്ന് നാല് സെന്റിമീറ്റർ കനത്തിലാണ് വീണ്ടും ടാർ ചെയ്യുന്നത്. ഇതോടെ ഫുട്പത്തുമായി ഉയരക്കൂടുതലുള്ള ഭാഗത്ത് അപകട സാദ്ധ്യതയേറി.