a

സംസ്ഥാന സ്കൂൾ കായികമേളയിൽ ഇത്തവണയും പത്തനംതിട്ട പിന്നിൽ നിന്ന് ഒന്നാമത് ആയതിൽ അത്ഭുതപ്പെടാനില്ല. പണ്ടേയിങ്ങനയല്ലേ എന്നൊരു സമാധാനപ്പെടലിൽ ജില്ലയിലെ കായിക പ്രേമികൾ ആശ്വാസം കണ്ടെത്തുന്നു. അത്‌ലറ്റിക്സ് ഇനങ്ങളിൽ ഇത്തവണ അഞ്ച് പോയിന്റാണ് ജില്ലയ്ക്ക് ലഭിച്ചത്. എന്തുകൊണ്ട് നമ്മൾ തോറ്റു എന്ന് ലളിതമായി ചോദിച്ചാൽ കുട്ടികളുടെ കായിക ശേഷി വളർത്തിയെടുക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല എന്നാണ് ഉത്തരം. സംസ്ഥാന കായികമേളയിൽ ഒരു വെള്ളിയും രണ്ടുവെങ്കലവുമാണ് ജില്ലയുടെ ആകെയുള്ള സമ്പാദ്യം. ഇത്തവണ കൊച്ചിയിൽ നടന്ന മേളയിൽ ജില്ലയിൽ നിന്ന് നൂറ്റിയറുപത്തിരണ്ട് കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. എല്ലാ വർഷവും ജില്ലയിലെ കുട്ടികൾ പിന്നിലാകുന്നതിന്റെ കാരണം അന്വേഷിച്ച് പരിഹരിക്കാൻ അധികൃതർക്ക് നേരമില്ല. ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകൾക്ക് കായിക വികസനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ജില്ലാ പഞ്ചായത്തിന് വലിയ പങ്കുണ്ട്. അവർ ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. കായിക ഇനങ്ങളിൽ അഭിരുചിയുളള കുട്ടികളെ കണ്ടെത്താനാകുന്നില്ല. മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ടി കുട്ടികളെ പെട്ടെന്ന് തിരഞ്ഞെടുക്കുന്ന സമ്പ്രദായമാണ് പല സ്കൂളുകളിലും നിലനിൽക്കുന്നത്.

കുട്ടികൾക്ക് ആവശ്യമായ അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭിക്കാത്ത ജില്ലയിൽ നിന്ന് എന്ത് പ്രതീക്ഷിക്കാനാണെന്ന് അദ്ധ്യാപകർ ഒന്നടങ്കം ചോദിക്കുന്നു. കഴിഞ്ഞ വർഷം ജില്ലയ്ക്ക് ഏഴ് പോയിന്റാണ് ലഭിച്ചിരുന്നത്.

അദ്ധ്യാപകരും

അടിസ്ഥാന സൗകര്യങ്ങളുമില്ല

ജില്ലയിൽ തൊണ്ണൂറ് ശതമാനം സ്കൂളിലും കായിക അദ്ധ്യാപകരില്ല. എണ്ണൂറോളം സ്കൂളുകളുള്ള ജില്ലയിൽ ആകെ അൻപത്തിയഞ്ച് കായിക അദ്ധ്യാപകർ മാത്രമാണുള്ളത്. ഒരു സ്കൂളിൽ കായിക അദ്ധ്യാപകനെ അനുവദിക്കണമെങ്കിൽ യു.പി സ്കൂളിൽ അഞ്ഞൂറ് വിദ്യാർത്ഥികളെങ്കിലും ഉണ്ടാകണം. എട്ട്, ഒൻപത് ക്ലാസുകളിൽ അഞ്ച് ഡിവിഷൻ വേണം. നിലവിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബിസിലാണ് കൂടുതൽ കുട്ടികൾ പഠിക്കുന്നത്. കേരള സിലബസിൽ ഇത്രയധികം കുട്ടികളുള്ള സ്കൂളുകൾ പത്തനംതിട്ടയിൽ കുറവാണ്. അതിനാൽ അദ്ധ്യാപകരെ നിയമിക്കാൻ സാധിക്കില്ല. ബി.ആർ.സി വഴി കൂടുതൽ അദ്ധ്യാപകരെ എടുക്കാൻ സാധിക്കുമെങ്കിലും നടപടിയില്ല.

പല സ്കൂളിലും മറ്റ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർ ആണ് സ്പോർട്സും നോക്കുന്നത്. ഇത് കുട്ടികളുടെ കഴിവുകൾ തിരിച്ചറിയാതെ പോകാൻ കാരണമാകുന്നുണ്ട്. അദ്ധ്യാപകരിൽ ശാസ്ത്രീയമായ പരിശീലനം ലഭിച്ചവർ കുറവും ആണ്. മികച്ച കളിക്കളങ്ങളും പരിശീലകരുമാണ് മറ്റു ജില്ലകളിലെ കുട്ടികളുടെ നേട്ടങ്ങൾക്ക് പിന്നിൽ. കുട്ടികൾക്ക് ചിട്ടയായ വ്യായാമവും ഭക്ഷണവും നിരന്തര പരിശീലനവും ലഭിക്കുന്നു. ജില്ലയിൽ ഒട്ടേറെ കായിക പ്രതിഭകളുണ്ട്. പക്ഷെ മതിയായ സൗകര്യങ്ങളു‌ടെ അഭാവം അവരുടെ കഴിവിനെ മുരടിപ്പിച്ചു കളയുന്നു. നല്ലൊരു ജംപിംഗ് പിറ്റുപോലും ജില്ലയിൽ ഇല്ലെന്നതാണ് പരിതാപകരം.

ചെലവ് ആര് വഹിക്കും

കായികമത്സരങ്ങളിൽ അഭിരുചിയുള്ള കുട്ടികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ജില്ലയിൽ ലഭിക്കുന്നില്ല. സാധാരണക്കാരായ വിദ്യാർത്ഥികളാണ് കായിക താരങ്ങളിലധികവും. ഇവർക്ക് ആവശ്യമായ ഭക്ഷണമോ വസ്ത്രങ്ങളോ കൃത്യമായി ലഭിക്കുന്നവരല്ല. ജഴ്സിയും സ്പൈക്കുമൊക്കെ വാങ്ങാൻ പണം തികയാത്തവരാണ് കൂടുതലും. ഇവരിൽ പലരുടേയും പരിശീലനത്തിന് കായിക അദ്ധ്യാപകരാണ് ചെലവ് വഹിക്കുന്നത്.

കുട്ടികൾക്ക് പരിശീലിക്കാൻ ആവശ്യമായ ഒരു സ്റ്റേഡിയം പോലും ജില്ലയിലില്ല. ആകെയുള്ള കൊടുമൺ സിന്തറ്റിക് സ്റ്റേഡിയത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ എത്തുന്നത് തന്നെ വലിയ ചെലവാണ്. സ്റ്റേഡിയത്തിൽ കയറാൻ ഒരാൾക്ക് ഇരുപത്തിയഞ്ച് രൂപയാണ് ഫീസ്. ഇത് നൽകുന്നത് കൂടുതലും അദ്ധ്യാപകരാണ്. പഞ്ചായത്തോ മറ്റ് അധികൃതരോ ഇതിൽ ചെലവ് ഏറ്റെടുക്കില്ല. രക്ഷിതാക്കൾ പലരും ചെലിവിന്റെ കാര്യമോർത്ത് കുട്ടികളെ വിടാൻ മടിക്കുകയാണ്.

ജില്ല കടക്കുന്ന

കായിക പ്രതിഭകൾ

മികവ് പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളെ മറ്റു ജില്ലകളിലെ സ്കൂളുകളും അക്കാഡമികളും സ്പോൺസർഷിപ്പിലൂടെ സ്വന്തമാക്കുന്നതും നടക്കുന്ന കാര്യമാണ്. അപ്പോഴും നേട്ടം മറ്റ് ജില്ലകളിലേക്ക് പോകും. കായിക മേഖലയിലെ സാദ്ധ്യതകൾ തിരിച്ചറിയുന്ന രക്ഷിതാക്കൾ അവരെ പുറത്ത് വിട്ട് പഠിപ്പിക്കാൻ തയ്യാറാണ്. ഏതെങ്കിലും കായിക ഇനങ്ങളിൽ താത്പ്പര്യമുള്ളവർ ഉയർന്നു വന്നാൽ അവരെ മറ്റു ജില്ലകളിലെ സ്കൂളുകാർ കൊത്തിക്കൊണ്ടു പേകുകയാണ്. ഫെൻസിംഗിൽ സ്വർണം നേടിയവർ പത്തനംതിട്ട സ്വദേശികളാണെങ്കിലും പഠിക്കുന്നത് എറണാകുളത്തെ സ്കൂളുകളിലാണ്.

കുട്ടികളിലെ കഴിവ് തിരിച്ചറിഞ്ഞ് പരിശീലിപ്പിച്ച് മുന്നോട്ട് കൊണ്ടുവരണം. പരിശീലിപ്പിക്കാൻ ആവശ്യമായ ഉപകരണങ്ങൾ വേണം. ഇതൊക്കെ സംഘടിപ്പിക്കാനും പണം ചെലവാക്കാനും ആരുമില്ല. നേട്ടം വേണമെങ്കിൽ അദ്ധ്വാനം ആവശ്യമാണ്. അതിനുളള സൗകര്യങ്ങൾ ഒരുക്കി കൊടുക്കാനുള്ള ഫണ്ട് ഇല്ലാത്തതല്ല. കായിക പ്രതിഭകളായ കുട്ടികളെ വളർത്തിയെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ജില്ലയിൽ ആരുമില്ല. കായിക പ്രോത്സാഹനത്തിനു സർക്കാർ അനുവദിക്കുന്ന ഫണ്ടുകൾ ചെലവഴിക്കുന്നുണ്ടോ എന്നറിയില്ല. മത്സരഫലങ്ങളിൽ ജില്ല പിന്നാേട്ടാകുമ്പോൾ പദ്ധതികൾ തയാറാക്കുമെന്ന് ജില്ലാ പഞ്ചായത്തും സ്പോർട്സ് കൗൺസിലും അവകാശപ്പെടാറുണ്ട്.

കായിക മേളകളിൽ ജില്ലയുടെ മെഡൽ വരൾച്ചയ്ക്ക് കാരണമെന്തന്ന് അന്വേഷിക്കേണ്ടതുണ്ട്. കായിക ഇനങ്ങളോട് ഭ്രമവും ഇച്ഛാശക്തിയുമുള്ള നേതൃത്വമാണ് ആവശ്യം. കായിക അദ്ധ്യാപകരുടെ കുറവുകൾ നികത്തണം. സ്കൂളുകളിൽ സോഷ്യൽ സയൻസും ഇംഗ്ളീഷും ഹിന്ദിയുമൊക്കെ പഠിപ്പിക്കുന്ന അദ്ധ്യാപകർ കായിക അഭിരുചി ഉള്ളവരാണെങ്കിൽ അവരെ താൽക്കാലികമായി കായിക പരിശീലനത്തിന്റെ അധികച്ചുമതല കൂടി നൽകുകയാണ് ചെയ്യുന്നത്. ഈ രീതിക്ക് മാറ്റം വരണം. അതിനൊപ്പം കായിക പരിശീലനത്തിന് ആധുനിക ഉപകരണങ്ങൾ വേണം. കുട്ടികളെ ഊർജസ്വലരാക്കണം.