
ശബരിമല : ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൊണ്ടുവരരുതെന്ന തന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും നിർദേശം തീർത്ഥാടകർ അവഗണിക്കുന്നു. ഇരുമുടിയിലും തോൾ സഞ്ചിയിലുമായി സന്നിധാനത്തേക്ക് പ്രതിദിനം എത്തുന്നത് ടൺ കണക്കിന് പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ്. ശബരിമലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് മനുഷ്യന് മാത്രമല്ല പ്രകൃതിക്കും പക്ഷി മൃഗാദികൾക്കും ദോഷമാണെന്ന് കണ്ടെത്തിയതോടെയാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് എത്തുന്ന ചന്ദനത്തിരി, കർപ്പൂരം, കുരുമുളക് തുടങ്ങിയ പൂജാസാധനങ്ങളും കുടിവെള്ളം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികളും ശബരിമലയിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് തന്ത്രി നിർദ്ദേശിച്ചത്. ഇതേ തുടർന്ന് ദേവസ്വം ബോർഡിന്റെ മുഴുവൻ ക്ഷേത്രങ്ങളിലും കെട്ടുനിറയ്ക്ക് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് തടഞ്ഞ് ബോർഡ് സർക്കുലർ ഇറക്കി. മറ്റുക്ഷേത്രങ്ങളോടും അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പടെയുള്ള ഗുരുസ്വാമി മാരോടും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ തീർത്ഥാടനം തുടങ്ങിയ ദിവസം മുതൽ സന്നിധാനത്തേക്ക് എത്തുന്ന തീർത്ഥാടകരിൽ ബഹുഭൂരിപക്ഷവും ഇരുമുടിക്കെട്ടിലും അല്ലാതെയും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൊണ്ടുവരുന്നുണ്ട്. സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പനിനീർകുപ്പി ഉൾപ്പടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുകയാണ്.
തീർത്ഥാടനം കഴിഞ്ഞാലും വിശ്രമമില്ലാത്ത പ്ളാന്റ്
20 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് വരെ സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റ് സന്നിധാനം പാണ്ടിത്താവളത്തിന് സമീപം പ്രവർത്തിക്കുന്നുണ്ട്. പ്രതിദിനം 22 മണിക്കൂർ സമയം പ്രവർത്തിക്കുന്ന ഈ പ്ലാന്റിൽ മണിക്കൂറിൽ 700ടൺ വരെ മാലിന്യങ്ങൾ സംസ്‌കരിക്കാനാവും. എന്നാൽ ഇതിന്റെ ഇരട്ടിയോളം വരുന്ന മാലിന്യങ്ങൾ ആണ് മുൻവർഷങ്ങളിൽ അടക്കം സന്നിധാനത്ത് കുമിഞ്ഞു കൂടിയത്. ഇത് പാണ്ടിത്താവളത്തെ ഇൻസിനേറ്ററിനു സമീപം എത്തിച്ച് കുന്നുകൂട്ടി ഇട്ടശേഷം തീർത്ഥാടനം കഴിഞ്ഞുള്ള ദിവസങ്ങളിലും പ്ലാന്റ് പ്രവർത്തിപ്പിച്ചാണ് സംസ്‌കരിച്ചത്. തീർത്ഥാടനം കഴിഞ്ഞതോടെ ഇവിടേക്ക് വന്യജീവികൾ എത്തി പ്ളാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം ഭക്ഷിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ഇരുമുടിക്കെട്ടിൽ നിന്ന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശം തന്ത്രിയും ബോർഡും മുന്നോട്ടുവച്ചത്.