20-maram
വീടിന് മുകളിൽ അയൽക്കാരന്റെ മരം വീണു നടപടിയെടുക്കാതെ അധികൃതർ

നാരങ്ങാനം: അയൽക്കാരന്റെ പറമ്പിലെ ആഞ്ഞിലിമരം വീണ് ചെറുകോൽപഞ്ചായത്ത് 11ാം വാർഡിൽ മണിമന്ദിരത്തിൽ അമ്പിളിയുടെ വീട് ഭാഗികമായി തകർന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും മരം വെട്ടിമാറ്റുന്നതിന് അയൽക്കാരനോ അധികാരികളോ തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്. സ്ഥലം പുറമ്പോക്കാണെന്നും തന്റേതല്ലെന്നും പറഞ്ഞ് അയൽക്കാരൻ ഒഴിഞ്ഞതോടെ ചെറുകോൽ വില്ലേജ് ഒാഫീസിലും ആറന്മുള പൊലീസ് സ്റ്റേഷനിലും അമ്പിളി പരാതിനൽകി. വില്ലേജ് ഓഫീസിൽ നിന്നെത്തി അടുത്ത ദിവസം സ്ഥലം പരിശോധിച്ച് മടങ്ങിയെങ്കിലും നടപടിയുണ്ടായില്ല. പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നതായി അമ്പിളി പറഞ്ഞു. വിദേശത്താണ് ഭർത്താവ്. മകനോടൊപ്പം ഒറ്റയ്ക്ക് താമസിക്കുകയാണ്. വീടിന്റെ ഷീറ്റിട്ടഭാഗം തകർന്നത് മുലം മഴ പെയ്യുമ്പോൾ വെള്ളം ഉള്ളിലേക്ക് വീഴുന്നുണ്ട്. . വാട്ടർ ടാങ്ക് പൊട്ടിപ്പോയി. വീടിന്റെ ചുറ്റുമതിലും തകർന്നിട്ടുണ്ട്.സംഭവമറിഞ്ഞ് വ്യാപാരി വ്യവസായി ഏകോപന സമിതി നാരങ്ങാനം യൂ ണിറ്റ് പ്രസിഡന്റ് വേണുഗോപാൽ, സെക്രട്ടറി റ്റി.വി.രാജീവ്, ട്രഷറർ സനിൽകുമാർ എന്നിവർ സ്ഥലത്തെത്തി. അടിയന്തിരമായി മരം മുറിച്ചു മാറ്റുന്നതിനും വീടിന്റെ കേടുപാടുകൾ തീർക്കുന്നതിനും, പുറമ്പോക്ക് സ്ഥലം തിട്ടപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.