river
സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ കനാലിലെ മാലിന്യം കരയ്ക്ക് നിന്ന് നീക്കുന്ന യന്ത്രം അവതരിപ്പിച്ച് എ ഗ്രേഡ് നേടിയ തുമ്പമൺ എം.ജി. എച്ച്. എസ്..എസിലെ ബിൻസു ബിനുവും ജോയൽ ജോസഫും

പത്തനംതിട്ട : കായികമേളയ്ക്ക് പിന്നാലെ സ്കൂൾ ശാസ്ത്രോത്സവത്തിലും പത്തനംതിട്ട ജില്ല പിന്നിൽ. ആലപ്പുഴയിൽ നടന്ന ശാസ്ത്രോത്സവത്തിൽ പതിമൂന്നാം സ്ഥാനത്താണ് ജില്ല. 123 പോയിന്റ്. കുട്ടികളുടെ താൽപ്പര്യക്കുറവും ചെലവിന് പണമില്ലാത്തതുമാണ് ജില്ല പിന്നിലാകാൻ കാരണമെന്ന് അദ്ധ്യാപകർ പറയുന്നു. സർക്കാർ സ്കൂളുകളിൽ നിന്ന് ശാസ്ത്രോത്സവത്തിൽ പങ്കെടുക്കത്ത കുട്ടികളുടെ എണ്ണം വളരെ കുറവാണ്. എയിഡഡ് സ്കൂളാണ് കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചത്. ജില്ലാതല ശാസ്ത്രാേത്സവം തട്ടിക്കൂട്ടി നടത്തുകയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. കുട്ടികൾ ഉണ്ടാക്കിയ ഉപകരണങ്ങളുടെ പ്രദർശനം പ്രഹസനമായിരുന്നു.

ജില്ലയിൽ നിന്ന് ഇത്തവണ ശാസ്ത്രോത്സവത്തിൽ പങ്കെടുത്തത് 158 കുട്ടികളാണ്. ആർക്കും ഒന്നാംസ്ഥാനം നേടാനായില്ല. പങ്കെടുക്കുന്ന എല്ലാവർക്കും ലഭിക്കുന്ന എ ഗ്രേഡും ബി ഗ്രേഡുമൊക്കെയായിട്ടാണ് കുട്ടികൾ മടങ്ങിയത്. ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് വാർഷിക പരീക്ഷകൾക്ക് ഗ്രേസ് മാർക്കു ലഭിക്കുമെന്നതിനാൽ കുറച്ചെങ്കിലും അഭിരുചിയുള്ളവരെ സ്കൂൾ അധികൃതർ പങ്കെടുപ്പിക്കുകയായിരുന്നു. സ്കൂൾ വിഭാഗങ്ങളിൽ മൊത്തത്തിലുള്ള പ്രകടനത്തിന് കോന്നി ഗവ.ഹയർസെക്കൻഡറി സ്കൂൾ ഒൻപതാം സ്ഥാനത്തു വന്നതുമാത്രമാണ് ജില്ലയ്ക്ക് എടുത്തുപറയാവുന്ന നേട്ടം. തുമ്പമൺ എം.ജി.എച്ച്.എസ്.എസ് 34ാം സ്ഥാനത്തും ഇടയാറൻമുള എ.എംഎം എച്ച്.എസ്.എസ് 58ാം സ്ഥാനത്തുമെത്തി.

ടീച്ചിംഗ് എയ്ഡ് വിഭാഗത്തിൽ തുമ്പമൺ എം.ജി.എച്ച്.എസ്.എസിലെ എബി തോമസും കോഴഞ്ചേരി സെന്റ് തോമസ് എച്ച്.എസ്.എസിലെ ജിനു ഫിലിപ്പും ബി ഗ്രേഡ് നേടി.

ആകെ പങ്കെടുത്ത കുട്ടികൾ : 158

പ്രവർത്തി പരിചയമേള : 90

ഗണിതശാസ്ത്രമേള : 28

ശാസ്ത്രമേള : 24

സാമൂഹ്യ ശാസ്ത്രമേള : 16