group
തിരുവല്ല താലൂക്ക് ആശുപത്രിയിൽ നടന്ന പിയർ എഡ്യൂക്കേറ്റേഴ്സ് സംഗമം

തിരുവല്ല : സമപ്രായക്കാരായ മറ്റുള്ളവരെ ബോധവത്കരിക്കാനും വിവിധ പ്രശ്നങ്ങളെ പരിഹരിക്കാനും പ്രാപ്തരാക്കാൻ സഹായിക്കുന്ന പിയർ എഡ്യൂക്കേറ്റേഴ്സിന്റെ സംഗമം പുളിക്കീഴ് ബ്ലോക്കിൽ നടത്തി. കൗമാരക്കാരുടെ അടുക്കലേക്ക് പരിശീലനം ലഭിച്ച സമപ്രായക്കാരായ കുട്ടികളിലൂടെ സൗഹാർദ്ദപരമായി എത്തിച്ചേരുന്നതിനുള്ള പരിപാടിയാണ് പിയർ എഡ്യൂക്കേറ്റേഴ്സ് പദ്ധതി. വിവിധ സ്കൂളുകളിൽ നിന്നും അദ്ധ്യാപകരുടെ സഹായത്തോടെ തിരഞ്ഞെടുക്കപ്പെട്ട 80 കുട്ടികൾക്ക് രണ്ടുഘട്ടങ്ങളായി ഡോക്ടർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ പരിശീലനം നൽകിയിരുന്നു. കഴിഞ്ഞവർഷം പിയർ എഡ്യൂക്കേറ്റേഴ്സ് പരിശീലനം ലഭിച്ച 80 കുട്ടികൾക്ക് നോൺ ഫിനാൻഷ്യൽ ഇൻസെന്റീവായി ഡോക്ടർമാരുടെ കോട്ടും കുട്ടികളുടെ പേര് എഴുതിയ നെയിം ബാഡ്ജും സംഗമത്തിൽ നൽകി. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് മെമ്പർമാരായ മറിയാമ്മ ഏബ്രഹാം, ലിജി ആർ.പണിക്കർ, ചന്ദ്രലേഖ, അനു സി.കെ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ, ഹെൽത്ത് സൂപ്പർവൈസർ ബിനു ജോയ്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകല കെ, പി.ആർ.ഒ അനു തങ്കം എന്നിവർ സംസാരിച്ചു.