
പത്തനംതിട്ട : അടുത്തവർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ വാർഡു വിഭജനത്തിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രകാരം ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിൽ 44 ൽ പുതിയ വാർഡുകളുണ്ടാകും. ആകെ 48 പുതിയ വാർഡുകൾ രൂപീകരിക്കും. ഒൻപത് പഞ്ചായത്തുകളിൽ വാർഡുകളുടെ എണ്ണം കൂടുന്നില്ല. എന്നാൽ, അതിർത്തികളിൽ മാറ്റമുണ്ട്. എല്ലാ പഞ്ചായത്തുകൾക്കും കുറഞ്ഞത് 14 വാർഡുകളുണ്ടാകും. പരമാവധി വാർഡുകൾ 24 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ നാല് നഗരസഭകളിൽ തിരുവല്ല ഒഴികെ എല്ലായിടത്തും ഓരോ വാർഡുകൾ കൂടി.
ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നൽകിയ നിർദേശങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഡീലിമിറ്റേഷൻ കമ്മിഷൻ പട്ടിക പുറത്തിറക്കിയത്. വാർഡുകളുടെ നമ്പരും പേരും അതിർത്തികളും ജനസംഖ്യയും വ്യക്തമാക്കുന്ന കരട് വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും പരിശോധനയ്ക്കു ലഭിക്കും.
പരാതികൾ ഡിസംബർ ഒന്നു വരെ
ഡിസംബർ ഒന്നുവരെ ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കും. പരാതികളിൽ അന്വേഷണ റിപ്പോർട്ട് ഡിസംബർ 18ന് മുമ്പായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അന്വേഷണ റിപ്പോർട്ട് ഡിസംബർ 26ന് മുമ്പ് നൽകണമെന്നാണ് നിർദേശം. ഇതിനുശേഷമാകും ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളുടെ പുനർവിഭജനം. 2015നുശേഷം ഇപ്പോഴാണ് വാർഡുകളുടെ പുനർവിഭജനം.
മാർഗരേഖ ലംഘിച്ചു: കെ.ജയവർമ്മ
പത്തനംതിട്ട: തദ്ദേശസ്വയംഭരണ ഡീലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ച വാർഡു വിഭജന കരടു പട്ടികയിൽ ജില്ലയിലെ നിരവധി ഗ്രാമപഞ്ചായത്തുകളിലെയും അതിർത്തികൾ പുനർനിർണയിച്ചിരിക്കുന്നത് മാർഗരേഖകൾ ലംഘിച്ചാണെന്ന് ജില്ലാ കോൺഗ്രസ് ഡിലിമിറ്റേഷൻ കമ്മറ്റി ചെയർമാൻ കെ.ജയവർമ പറഞ്ഞു, കോഴഞ്ചേരി, ഇരവിപേരൂർ, എഴുമറ്റൂർ, റാന്നി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തികൾ പുനർനിർണയിച്ചത് ശരാശരി ജനസംഖ്യ കണക്കാക്കാതെയും പ്രകൃത്യായുള്ള അതിരുകൾ പരിഗണിക്കാതെയുമാണ്. ചില വാർഡുകളാകട്ടെ അനാവശ്യമായി വിസ്തൃതി വർദ്ധിപ്പിച്ചപ്പോൾ സമീപ വാർഡുകൾ വെട്ടിച്ചുരുക്കി. നിഷ്പക്ഷവും നീതിപൂർവവുമായി പ്രവർത്തിക്കാൻ ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥർ സി.പി.എമ്മിന്റെ ആജ്ഞാനുവർത്തികളായിട്ടാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തയതെന്ന് ജയവർമ കുറ്റപ്പെടുത്തി.
കരട് പട്ടിക പ്രസിദ്ധീകരിച്ചു, ഗ്രാമപഞ്ചായത്തുകളിലെ
ആകെ വാർഡുകൾ 968 (നിലവിൽ 920)