sreekumar
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ

പത്തനംതിട്ട: പത്തനംതിട്ട കെ. എസ്.ആർ.ടി.സി ഡിപ്പോയിൽ കൺട്രോളിംഗ് ഇൻസ്പെക്ടറുമായി തർക്കമുണ്ടായ വെഹിക്കിൾ സൂപ്പർവൈസറെ നെഞ്ചുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശി ശ്രീകുമാറാണ് ചികിത്സ തേടിയത്. അമിത രക്തസമ്മർദ്ദവുമുണ്ടായി. ഇദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മറ്റു ജീവനക്കാരുടെ മുന്നിൽ വച്ച് കൺട്രോളിംഗ് ഇൻസ്പെക്ടർ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തതായി ശ്രീകുമാർ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന തിരുനെല്ലി സൂപ്പർ ഫാസ്റ്റ് സർവീസ് തുടങ്ങാൻ വൈകിയതാണ് പ്രശ്നങ്ങളുടെ തുടക്കം. വണ്ടിയുടെ വേഗക്കുറവ് പരിഹരിച്ച് ശ്രീകുമാർ ടെസ്റ്റ് ഡ്രൈവ് നടത്തിയ ശേഷം സർവീസ് ആരംഭിക്കാൻ ഒരു മണിക്കൂറോളം വൈകി. ഇതറിഞ്ഞ് എത്തിയ കൺട്രോളിംഗ് ഇൻസ്പെക്ടർ രാജീവ് സഹപ്രവർത്തകരുടെ മുന്നിൽ വച്ച് അധിക്ഷേപിച്ച് സംസാരിച്ചെന്ന് ഗതാഗതമന്ത്രി, പത്തനംതിട്ട എ.ടി.ഒ, പട്ടികജാതി കമ്മിഷൻ, മനു്ഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് ശ്രീകുമാർ നൽകിയ പരാതിയിൽ പറയുന്നു.വെഹിക്കിൾ ഇൻസ്പെക്ടർ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയത് ചൂണ്ടിക്കാണിച്ചപ്പോൾ തർക്കമുണ്ടാതാണെന്നും അധിക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ലെന്നും കൺട്രോളിംഗ് ഇൻസ്പെക്ടർ രാജീവ് പറഞ്ഞു.