lite-
പ്രധാന തീർത്ഥാടന പാതയായ അത്തിക്കയം പാലത്തിൽ ബൾബ് പോലും സ്ഥാപിക്കാത്ത സ്ഥിതിയിൽ

റാന്നി : നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ ഏക ശബരിമല ഇടത്താവളം സ്ഥിതി ചെയ്യുന്ന അത്തിക്കയം അറയ്ക്കമൺ ജംഗ്ഷനിലും അത്തിക്കയം പാലത്തിലും മതിയായ വെളിച്ചമില്ലെന്ന് പരാതി. ശബരിമല സീസൺ സമയത്ത് കെ.എസ്.ആർ.ടി.സി ഒഴികെയുള്ള വലിയ വാഹനങ്ങൾ കടന്നു പോകുന്ന വഴിയിലെ ഇടത്താവളത്തിലാണ് ഇത്തരത്തിൽ വെളിച്ചം ഒരുക്കാതിരുന്നത്. മുൻ വർഷങ്ങളിൽ പാലത്തിൽ നട തുറക്കുന്നതിനു മുമ്പുതന്നെ വെളിച്ചം ഒരുക്കിയിരുന്നെങ്കിൽ ഇത്തവണ നടതുറന്ന് ആറ് ദിവസം പിന്നിട്ടിട്ടും വെളിച്ചം ഇല്ലാത്തത് തീർത്ഥാടകരോടുള്ള അവഗണയാണെന്നാണ് അയ്യപ്പ സേവാ സംഘങ്ങൾ ആരോപിക്കുന്നത്. റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാമെങ്കിലും ഒരു വശത്ത് മാത്രമാണ് നേരിയ വെളിച്ചമുള്ളത്. പത്തോളം വണ്ടികൾ പാർക്ക് ചെയ്ത് വിശ്രമിക്കാനും മറ്റും ഇറങ്ങുന്ന സ്ഥലത്ത് 200 - 250 തീർത്ഥാടകരെങ്കിലും ചില സമയങ്ങളിൽ കാണാറുണ്ട്. എന്നാൽ ഇത്രയും പേർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയുമെന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.