kad
മിനി ഹൈവേയിൽ റോഡിലേക്ക് കാട് പടർന്ന് കിടക്കുന്നു

അടൂർ : ഏഴംകുളം - ഏനാത്ത് മിനിഹൈവേയുടെ വിവിധ ഇടങ്ങളിലെ വശങ്ങളിൽ കാട് വളർന്നുനിൽക്കുന്നത് ഭീഷണിയാകുന്നു. കെ പി റോഡിനെയും എം.സി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. റോഡിലേക്ക് വളർന്നിറങ്ങിയ കാട് വാഹനയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. മണ്ടച്ചൻപാറ, മുളയംകോട്, വയലാ, ഏഴംകുളം ഭാഗങ്ങളിൽ വലിയ വളവുകൾ കൂടി വരുന്ന ഭാഗങ്ങളാണ് ഇത്തരത്തിൽ കാടുപിടിച്ച് കിടക്കുന്നത്. വളവിൽ എതിരെവരുന്ന വാഹനങ്ങൾ കാണാനാകാത്ത തരത്തിൽ കാട് വളർന്നിട്ടുണ്ട്. ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ധാരാളമായി പോകുന്ന ഈ റോഡിൽ കാഴ്ച മറയ്ക്കുന്ന കാടുകൾ വലിയ അപകടസാദ്ധ്യത സൃഷ്ടിക്കുന്നുണ്ട്. കാട് വളർന്ന് കിടക്കുന്നിടത്ത് മാലിന്യങ്ങൾ കൊണ്ടിടുന്നതായും പരാതിയുണ്ട്. വാഹനയാത്രികർ മാത്രമല്ല കാൽനട യാത്രക്കാരും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റോഡിന്റെ വശങ്ങളിലൂടെ നടക്കാൻ പ്രയാസമാണ്. പലയിടത്തും വാഹങ്ങൾ ചീറിപ്പായുന്ന റോഡിലേക്ക് കയറി നടക്കേണ്ട സ്ഥിതിയാണ്. ഇതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. പലയിടത്തും മുൾചെടികൾ ഉൾപ്പെടെ പടർന്നിട്ടുണ്ട്. മണ്ടച്ചൻപാറ വളവിലും മുളയംകോട് വളവിലുമാണ് ഏറ്റവും അപകടകരമായി കാട് വളർന്നിരിക്കുന്നത്. രണ്ടിടത്തും എതിർ വശത്ത് നിന്ന് വരുന്ന വാഹനങ്ങൾ അടുത്തെത്തിയാൽ മാത്രമേ കാണാൻ സാധിക്കു. കാൽനടയാത്രക്കാർ രാത്രി റോഡിലേക്കിറങ്ങി നടക്കുമ്പോൾ പലയിടത്തും അപകടങ്ങൾ ഉണ്ടായതായാണ് വിവരം.

നടപ്പാതയില്ല,​ നടപടി എടുക്കാതെ അധികൃതർ

റോഡിന്റെ ഇരുവശങ്ങളിലും രണ്ട് മീറ്ററോളം നടപ്പാത വേണ്ടിടത്ത്, പ്രധാന ജംഗ്ഷനുകളിൽ ഒഴികെ മിനി ഹൈവേയിൽ മിക്കയിടത്തും കാൽനടയാത്രയ്ക്ക് ആവശ്യമായ സ്ഥലം ഇല്ല. വളരെ കുറച്ച് സ്ഥലങ്ങളിൽ ആവശ്യത്തിന് നടപ്പാത ഉണ്ടെങ്കിലും മിക്കിയിടങ്ങളിലും കാടുപിടിച്ചിട്ടുണ്ട്. നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

...................................

അടിയന്തരമായി കാട് വെട്ടിത്തെളിച്ച് റോഡ് കാൽനട യാത്രക്കാർക്ക് സഞ്ചാര യോഗ്യമാക്കണം.

ഋഷികേശ്

(നാട്ടുകാരൻ)​