ഇളമണ്ണൂർ: ആലപ്പുഴയിൽ നടന്ന സ്കൂൾ ശാസ്ത്രോത്സവത്തിൽ വൊക്കേഷണൽ എക്സ്പോയിൽ ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഗ്രികൾച്ചറൽ കോഴ്സുകളായ ഫ്ളോറി കൾച്ചറിസ്റ്റ്, ഓർഗാനിക് ഗ്രോവർ എന്നിവ മോസ്റ്റ് മാർക്കറ്റബിൾ വിഭാഗത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി. കൃഷിയിടങ്ങളിലെ പന്നി, പക്ഷി എന്നിവയുടെ ശല്യം ഒഴിവാക്കാൻ സ്കൂളിലെ വിദ്യാർത്ഥികൾ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഉപകരണമാണ് ശ്രദ്ധേയമായത്. സോളാർ വൈദ്യുതി ഉപയോഗിച്ച് കാറ്റിലും പ്രവർത്തിപ്പിക്കാവുന്നതാണിത്. സ്കെയർഗൺ ഉപായോഗിച്ച് ശബ്ദമുണ്ടാക്കി മൃഗശല്യത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ കഴിയും. സ്കെയർഗൺ, അഗ്രികൾച്ചറൽ കോഴ്സ് വിദ്യാർത്ഥികൾ ഉൽപ്പാദിപ്പിച്ച അലങ്കാര ചെടികൾ, പച്ചക്കറി തൈകൾ എന്നിവ സ്കൂളിൽ വിൽപ്പന നടത്തുന്നുണ്ടെന്ന് പ്രിൻസിപ്പൽ വി.പ്രീത അറിയിച്ചു.