ഗവി: കാടകങ്ങളിലൂടെ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികൾ അടക്കമുള്ള യാത്രക്കാരുടെ നടുവൊടിയുന്നു. ഗവി കാണാൻ സുന്ദരിയാണെങ്കിലും റോഡിലെ യാത്ര ആ ഭംഗി ആസ്വദിക്കാൻ പറ്റുന്നതല്ല. കുണ്ടും കുഴിയുമാണ്. മഴ പെയ്താൽ വാഹനങ്ങൾ തെന്നിമാറുന്നു. ഗവിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് കൂടാതെ വിനോദ സഞ്ചാരികളുടെ എഴുപത്തഞ്ചോളം വാഹനങ്ങളും ഒരു ദിവസം ഇതുവഴി പോകുന്നുണ്ട്. വനംഭംഗി അസ്വദിച്ചും വന്യമൃഗങ്ങളെ കണ്ടും കോടമഞ്ഞിന്റെ തഴുകലേറ്റും യാത്ര ചെയ്യാമെന്നതാണ് ഗവി വിനോദ സഞ്ചാരത്തിന്റെ പ്രത്യേകത.
എന്നാൽ, കക്കി ഡാം കഴിഞ്ഞാൽ ഇരുപത്തഞ്ച് കിലോമീറ്ററോളം ദുഷ്കര യാത്രയാണ്. ഗവിയിലേക്ക് അടുക്കുന്ന അഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ യാത്രക്കാർക്ക് ശരീര വേദന ഉറപ്പ്. നിരവധി വാഹനങ്ങൾ നട്ടുകൾ അഴിഞ്ഞും അടിയിടിച്ചും തകരാറിലാകുന്നു. റോഡ് ടാർ ചെയ്തിട്ട് അഞ്ച് വർഷത്തോളമായി. വനംവകുപ്പും പൊതുമരാമത്തും സീതത്തോട് പഞ്ചായത്തും സഹകരിച്ചാണ് പണികൾ നടത്തിയത്.
റോഡ് തകർന്നതു കാരണം പത്തനംതിട്ടയിൽ നിന്ന് വാഹനങ്ങൾ ഗവിയിലെത്താൻ വൈകുന്നു. സാധാരണ അഞ്ചര മണിക്കൂറിൽ ഗവിയിലെത്താം. ഇപ്പോഴത്തെ സ്ഥിതിയിൽ ഒരു മണിക്കൂറെങ്കിലും കൂടുതൽ വേണ്ടിവരും. രോഗ ബാധിതരെ ആശുപത്രിയിലെത്തിക്കുന്നതിന് വലിയ ദുരിതം അനുഭവിക്കണമെന്ന് ഗവി നിവാസികൾ പറയുന്നു.
വരുമാനത്തിനും ഭീഷണി
ഗവി ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന വിദേശികൾ അടക്കമള്ള വിനോദ സഞ്ചാരികളുടെ സമയക്രമവും തകർന്ന റോഡിലൂയെടുള്ള യാത്രമൂലം തെറ്റുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ ഗവിയിലേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തും. തകർന്ന റോഡിലെ യാത്ര സുരക്ഷിതമല്ലാതായാൽ വരുമാനത്തെ ബാധിക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
-------------------
പൂർണമായി തകർന്നത് 5 കിലോമീറ്റർ
ടാർ ചെയ്തിട്ട് 5 വർഷം
------------------
കൊച്ചു പമ്പ മുതൽ ഗവി വരെയുള്ള ഭാഗമാണ് തകർന്നത്. റോഡ് ടാർ ചെയ്യാൻ അടിയന്തര നടപടിയുണ്ടാകണം.
ഗംഗമ്മ മുനിയാണ്ടി, സീതത്തോട് പഞ്ചായത്ത് ഗവി വാർഡ് അംഗം