
ശബരിമല: തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്കും പ്രായമായവർക്കും മാളികപ്പുറങ്ങൾക്കും പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും പ്രത്യേക പരിഗണന. പമ്പയിൽ നിന്ന് മലകയറാൻ എത്തുന്നവരിൽ പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് വിടുന്നത്.
തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാൻ ഇതുവഴി കഴിയും. കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. മലകയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണം. സന്നിധാനം വലിയ നടപ്പന്തലിലെത്തിയാൽ കുട്ടികൾക്കും പ്രായമായർക്കും പ്രത്യേക ക്യൂവിലൂടെ പതിനെട്ടാം പടി കയറാം. കൊടിമരച്ചുവട്ടിലെത്തുന്ന കുട്ടികൾക്കൊപ്പം ഒരാളെകൂടി ഫ്‌ളൈ ഓവറിലേക്ക് കടത്തിവിടാതെ നേരിട്ട് ദർശനം നൽകും.