 
ചെങ്ങന്നൂർ: ആലായിൽ കാട്ടുപന്നികൾ ഇറങ്ങി വിളകൾ നശിപ്പിച്ചു. ആറോളം കർഷകർക്ക് നാശനഷ്ടമുണ്ടായി. ആല മുഞ്ഞാട്ടുമലയിൽ കെ.വി ചെറിയാന്റെ അരയേക്കറോളം സ്ഥലത്തെ മരച്ചീനികളും ചേമ്പ്, കാച്ചിൽ എന്നിവയും കാട്ടുപന്നികൾ നശിപ്പിച്ചു. പാകമായ 85 മൂട് മരച്ചീനികളാണ് നഷ്ടമായത്. 25 മൂട് കാച്ചിലും, പതിനഞ്ചിലധികം വരുന്ന വലുതും ചെറുതുമായമൂട് ചേമ്പുമാണ് കാട്ടുപ്പന്നിക്കൂട്ടം നശിപ്പിച്ചത്. സമീപത്തെ കർഷകരായ വിജയമ്മ, ശ്യാമള, വിജയൻ,ഗോപി, സദനൻ എന്നിവരുടെ കാർഷികവിളകൾക്കും നാശമുണ്ടായി. ശബരിമല സീസൺ ആരംഭിച്ചതിനാൽ കപ്പ , എത്തയ്ക്കും നല്ല ചെലവാണ് അനുഭവപ്പെടുന്നത്. ചെങ്ങന്നൂരും പന്തളത്തുമാണ് കൂടുതലും വിറ്റഴിയുന്നത്. ഇതുകാരണം കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.
........................
എന്റെ ജീവിതമാർഗം തന്നെ കപ്പകൃഷിയാണ്. പാകമായിവന്ന കപ്പയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. കാച്ചിലും ചേമ്പും വലിയ തോതിൽ നഷ്ടപ്പെട്ടില്ല. കൃഷിഭവനിൽ നിന്നും എത്തി പരിശോധന നടത്തിയിട്ടുണ്ട്. കാട്ടുപന്നികളുടെ അതിക്രമം തടയാൻ പഞ്ചായത്ത് വേണ്ട നടപടികളെടുക്കണം.
ചെറിയാൻ,
(കർഷകൻ)
................
പാകമായ 85 മൂട് മരച്ചീനികൾ നശിപ്പിച്ചു