camera

പത്തനംതിട്ട : നഗരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നഗരസഭ പുതിയ ക്യാമറകൾ സ്ഥാപിക്കുന്നു. മാറ്റി സ്ഥാപിക്കാൻ കഴിയുന്ന തരത്തിലുള്ള ക്യാമറകളാണ് ക്രമീകരിക്കുക. ഇതിനായി സി ഡിറ്റിന് കരാർ നൽകി. മൂന്ന് മാസത്തിനുള്ളിൽ ക്യാമറകൾ പ്രവർത്തന സജ്ജമാകും. പി.ഡബ്ല്യു.ഡിക്ക് മൂന്ന് ലക്ഷം രൂപ നൽകി ക്യാമറ സ്ഥാപിക്കാൻ മുമ്പ് പദ്ധതിയൊരുക്കിയെങ്കിലും വിവിധ കാരണങ്ങൾ നീണ്ടുപോയി. പദ്ധതി താമസിച്ചതോടെ സി ഡിറ്റിന് കരാർ നൽകുകയായിരുന്നു. പി.ഡബ്ല്യു.ഡിക്ക് നൽകിയ തുക തിരികെ വാങ്ങാനുള്ള ശ്രമത്തിലാണ് നഗരസഭ അധികൃതർ.

പദ്ധതി ഇങ്ങനെ

നഗരത്തിൽ കൂടുതൽ മാലിന്യനിക്ഷേപമുള്ള സ്ഥലത്താണ് ക്യാമറകൾ സ്ഥാപിക്കുക. തുടർച്ചയായി പിഴയീടാക്കുകയും ചെയ്യും. അതോടെ ഇത്തരം കേസുകൾ കുറയുമെന്ന് നഗരസഭ അധികൃതർ പ്രതീക്ഷിക്കുന്നു. ശേഷം ക്യാമറ സമാനമായ മറ്റ് സ്ഥലത്തേക്ക് മാറ്റും. സോളാർ ഉപയോഗിച്ചാകും പ്രവർത്തനം.

പഴയ ക്യാമറയിൽ കുടുങ്ങിയത് 12 പേർ മാത്രം

മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ നഗരത്തിൽ ക്യാമറ സ്ഥാപിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഇതുവരെ 12 പേർക്കെതിരെയാണ് നടപടി ഉണ്ടായത്. 45,000 രൂപയാണ് പിഴ ഈടാക്കിയിട്ടുള്ളത്. നഗരത്തിലെ ആറിടങ്ങളിലായാണ് ക്യാമറകളുള്ളത്. നഗരസഭ, കുമ്പഴ, സ്വകാര്യ ബസ് സ്റ്റാൻഡ്, ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം, പഴയ ബസ് സ്റ്റാൻഡ്, അഴൂരിനും അബാൻ ജംഗ്ഷനും മദ്ധ്യേ എന്നിവിടങ്ങളിലാണത്. നഗരസഭയിലെ ഹെൽത്ത് വിഭാഗമാണ് ക്യാമറ നിരീക്ഷിക്കുന്നത്.

പുതിയതായി 4 ക്യാമറകൾ,

ചെലവിടുന്നത് 4 ലക്ഷം രൂപ

അജ്ഞാതനായ വ്യക്തി മാലിന്യം നിക്ഷേപിച്ചാൽ കണ്ടെത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ചിലർ രാത്രിയിൽ കാറിൽ വന്നുപോകും. ഇവരെയൊക്കെ പിടികൂടാൻ സാധിക്കാതെ വരും.

നഗരസഭ അധികൃതർ