നാരങ്ങാനം: ഒരാഴ്ചയായി വീടിന് മുകളിൽ വീണുകിടന്ന അയൽക്കാരന്റെ ആഞ്ഞിലിമരം മുറിച്ചുമാറ്റി.
ഏക മകനൊപ്പം കഴിയുന്ന ചെറുകോൽ മണിമന്ദിരത്തിൽ അമ്പിളിയുടെ വീടിന്റെ മുകളിലാണ് ഒരാഴ്ചയായി മരം വീണുകിടന്നിരുന്നത്.ഇവരുടെ ഭർത്താവു് വിദേശത്താണ്. മരം വെട്ടിമാറ്റുന്നതിന് അയൽവാസിയോ അധികാരികളോ നടപടിയെടുക്കാതിരുന്നത് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.ഇതിനെ തുടർന്ന് ചെറുകോൽപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ, വില്ലേജ് ഓഫീസർ ലക്ഷ്മീദേവി എന്നിവർ സ്ഥലത്തെത്തി അവരുടെ സാന്നിദ്ധ്യത്തിൽ മരം മുറിച്ചുനീക്കി.അസിസ്റ്റന്റ് എൻജിനിയർ വീടിന് സംഭവിച്ച നാശനഷ്ടത്തിന്റെ റിപ്പോർട്ടെടുത്തു. അടിയന്തരമായി നഷ്ടപരിഹാരം നൽകുമെന്ന് പ്രസിഡന്റ് സന്തോഷ് കുമാർ, വില്ലേജ് ഒാഫീസർ ലക്ഷ്മീദേവി എന്നിവർ അറിയിച്ചു. സ്ഥലത്തെത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വീട് വാസയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.