roller-
ജൂനിയേയും ജൂവീനയും ജുലൈനയും ട്രെയിനർ ആയ അഭിജിത്ത് അമൽരാജിനൊപ്പം

അടൂർ : റോളർ സ്കേറ്റിംഗ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലുകൾ തൂത്തുവാരി സഹോദരിമാർ. പത്തനംതിട്ട കുഴിക്കാല ചരിവുംപ്ലാവിൽ വീട്ടിൽ ജൂനിയ ലിസ് തോമസ്, ജുവീന ലിസ് തോമസ് , ജുലൈന ലിസ് തോമസ് എന്നിവരാണ് മെഡൽ നേട്ടം കൊയ്തത്. .കേരള റോളർ സ്കേറ്റിംഗ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അടൂർ എസ്.എൻ.ഐ ടി യിൽ വച്ചായിരുന്നു ചാമ്പ്യൻഷിപ്പ്, കോന്നി എലിയറക്കൽ അമൃത വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജൂനിയ. വാഴമുട്ടം നാഷണൽ യു.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജുവീന. വാഴമുട്ടം ഗ്രീൻ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജുലൈന. വാഴമുട്ടത്തെ നാഷണൽ സ്പോർട്സ് വില്ലേജിന്റെ ഉടമയും റോളർ സ്കേറ്റിങ്ങിൽ വേൾഡ് ചാമ്പ്യനുമായ അഭിജിത്ത് അമൽരാജാണ് മൂന്നു പേരുടെയും ട്രെയിനർ. ഡിസംബർ നാലിന് പൊള്ളാച്ചിയിൽ നടക്കുന്ന നാഷണൽ ദേശീയ ചാമ്പ്യൻഷിപ്പിൽ മൂവരും പങ്കെടുക്കും.

പണച്ചെലവ് വെല്ലുവിളി

റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ പണച്ചെലവ് വെല്ലുവിളിയാണെന്ന് മൂവരും പറഞ്ഞു. ഷൂവിന് മാത്രം 40,000 ത്തോളം രൂപ വില വരും . ബാക്കി ചെലവുകൾ കൂടി കണക്കാക്കുമ്പോൾ ഓരോ മത്സരത്തിന് ഇറങ്ങുമ്പോഴും നല്ലൊരു തുക ചെലവാക്കേണ്ടി വരുന്നു. ദേശീയ ചാമ്പ്യൻഷിപ്പിൽ 13 ഇനങ്ങളിലാണ് ഇവർ മത്സരിക്കുക. ആദ്യം റോളർ സ്കേറ്റിങ്ങിലേക്ക് ഇറങ്ങിയ മൂത്തയാൾ ജൂനിയയെ പിന്തുടർന്ന് ഇളയ രണ്ടു പേരും പരിശീലനത്തിന് ഇറങ്ങുകയായിരുന്നു. 6 കൊല്ലമായി നിരന്തരം പരിശീലനം നടത്തുകയാണ് ഇവർ. ദേശീയ ചാമ്പ്യൻഷിപ്പ് അടക്കം മുന്നോട്ടുള്ള മത്സരങ്ങൾക്കായി സ്പോൺസറെ അന്വേഷിക്കുകയാണ് . ബിസിനസുകാരനായ തോമസ് പോളാണ് പിതാവ്, മാതാവ് എലിസബത്ത് ആദിത്യ ബിർളയിൽ ജീവനക്കാരിയാണ്.