തിരുവല്ല: മനുഷ്യൻ മനുഷ്യസ്നേഹത്തിനായി യാചിക്കുന്ന സന്ദർഭങ്ങളിലെല്ലാം സഹായഹസ്തവുമായി ഓടിയെത്തുന്ന ഒരു വിശ്വമാനവികതയുടെ സന്ദേശമാണ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ ഉയർത്തുന്നതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പുഷ്പഗിരി മെഡിക്കൽ കോളേജ് സ്റ്റാഫ് ക്രഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനവസേവാ പുരസ്കാരം ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഷ്പഗിരി മെഡിക്കൽ കോളേജ് സ്റ്റാഫ് വെൽഫെയർ ക്രഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഫാ.ജോസ് കല്ലുമാലിക്കൽ അദ്ധ്യക്ഷനായി. ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. സ്ത്രീശക്തി വാഹനവായ്പയിലൂടെ 17വനിതാ ജീവനക്കാർക്ക് നൽകുന്ന ആക്ടീവാ സ്കൂട്ടറിന്റെ വിതരണം വികാരി ജനറാൾ ഐസക് പറപ്പള്ളിൽ നിർവഹിച്ചു. ജീവനക്കാരുടെ മക്കൾക്ക് സ്കോളർഷിപ്പുകൾ കാതോലിക്കാ ബാവ വിതരണം ചെയ്തു. സഹകരണ എംപ്ലോയിസ് വെൽഫയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ, സഹകരണ അസി.രജിസ്ട്രാർ പി.കെ അജിതകുമാരി, സൊസൈറ്റി സെക്രട്ടറി മുരളീധരകൈമൾ, വൈസ് പ്രസിഡന്റ് ഡോ.സന്തോഷ് മാത്യു എന്നിവർ സംസാരിച്ചു.