
ശബരിമല : നേർത്ത മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും അവഗണിച്ച് ഇന്നലെ സന്നിധാനത്തേക്ക് മല കയറിയെത്തിയത് ആയിരക്കണക്കിന് തീർത്ഥാടകർ. മണ്ഡല പൂജയ്ക്കായി നടതുറന്നശേഷം ഇന്നലെയാണ് ശബരിമലയിൽ ആദ്യമായി മഴ പെയ്തത്. മഴയ്‌ക്കൊപ്പം വീശീയടിച്ച ശീതക്കാറ്റും കോടമഞ്ഞും തീർത്ഥാടകരെ കുളിരണിയിച്ചു. ഇന്നലെ നെയ്യഭിഷേകം പൂർത്തിയായ ശേഷമെത്തിയ തീർത്ഥാടകരിൽ പലരും ഇന്ന് പുലർച്ചെ നടക്കുന്ന അഭിഷേകം നടത്തിയതിയതിനുശേഷമേ മടക്കയാത്ര ആരംഭിക്കു. സന്നിധാനത്ത് തങ്ങുന്നവർ ദേവസ്വം ബോർഡിന്റെ പണം കൊടുത്ത് ഉപയോഗിക്കാവുന്ന മുറികൾക്കു പുറമേ വിരിപ്പുരകളിലും സൗജന്യമായി വിരിവയ്ക്കാവുന്ന സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലെ വലിയ നടപ്പന്തലിലും പാണ്ടിത്താവളം മാഗുണ്ട നിലയത്തിലും, തിരുമുറ്റത്ത് നിർമ്മിച്ച പ്രത്യേക പന്തലിലും വിശ്രമിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തിൽ അധികം തീർത്ഥാടകരാണ് ഈ തീർത്ഥാടന കാലത്ത് ശബരിമലയിൽ എത്തിയത്. വൃശ്ചികം ഒന്നിന് മണ്ഡലകാലം ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോൾ 3,17,923 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്. കഴിഞ്ഞ വർഷം അഞ്ച് ദിവസം പിന്നിടുമ്പോൾ രണ്ട് ലക്ഷത്തോളമായിരുന്നു ശബരിമലയിൽ എത്തിയ ആകെ തീർത്ഥാടകരുടെ എണ്ണം. കഴിഞ്ഞ വർഷം അഞ്ച് ദിവസം പിന്നിടുമ്പോൾ ലഭിച്ച വരുമാനത്തിൽ നിന്ന് അഞ്ച് കോടിയോളം രൂപയുടെ അധിക വരുമാനം ഇക്കുറി ലഭിച്ചുവെന്നാണ് ദേവസ്വം ബോർഡിന്റെ അനൗദ്യോഗിക കണക്ക്. എന്നാൽ കഴിഞ്ഞ വർഷം ഉണ്ടായ അരവണ പ്രതിസന്ധിയും തമിഴ്നാട് ആന്ധ്രാ എന്നീ സംസ്ഥാനങ്ങളിൽ മഴമൂലം തീർത്ഥാടകർ എത്താതിരുന്നതും അന്ന് വരുമാനത്തിൽ ഗണ്യമായ കുറവാണ് സൃഷ്ടിച്ചത്.