water-
തണ്ണിത്തോട് ശുദ്ധജല വിതരണ പദ്ധതിയുടെ തേക്ക്തോട്ടിലെ പമ്പ്ഹൗസ്

കോന്നി: തണ്ണിത്തോട് ശുദ്ധജല വിതരണ പദ്ധതി പ്രതിസന്ധിയിലേക്ക് . മോട്ടോറുകളുടെയും പമ്പിന്റെയും ശേഷിക്കുറവും വ്യാസം കുറഞ്ഞ ജലവിതരണ പൈപ്പുകളും സംഭരണ ശേഷികുറഞ്ഞ ടാങ്കുകളും, പലയിടത്തും പൊട്ടിയ പൈപ്പുകളുമാണ് പദ്ധതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നത്. തണ്ണിത്തോട് ശുദ്ധജല വിതരണ പദ്ധതിയെ ആശ്രയിക്കുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. തേക്കുതോട് മുഴിക്ക് സമീപം ഇന്റെക്ക്‌ പമ്പ് സ്ഥാപിച്ച് 14 വർഷം മുമ്പാണ് പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ 20 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈനുകളും 50 പൊതുടാപ്പുകളുമാണ് ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ 250 കിലോമീറ്റർ പൈപ്പ് ലൈനുകളും ആയിരത്തിന് മുകളിൽ ഗാർഹിക കണക്ഷനുകളും 250 പൊതുടാപ്പുകളുമുണ്ട്. പദ്ധതിയുടെ ശേഷി വർദ്ധിപ്പിക്കാതെ വർഷം തോറും വിവിധപ്രദേശങ്ങളിലേക്ക് പൈപ്പുലൈനുകൾ നീട്ടിയെങ്കിലും പലയിടത്തും പൈപ്പ് ലൈനുകൾ പൊട്ടി വെള്ളം പാഴാകുന്നുമുണ്ട്. വർഷങ്ങൾ കഴിയുംതോറും പമ്പിന്റെ ശേഷി കുറഞ്ഞ് കൂടുതൽ സമയം പമ്പിംഗിന് വേണ്ടി വരുന്നു. മണ്ണീറയിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പേരുവാലിയിൽ പുതിയ ശുദ്ധ ജലവിതരണ പദ്ധതി തയാറാവുന്നുണ്ട്. തണ്ണിത്തോട് ശുദ്ധജലവിതരണ പദ്ധതിയിൽ മേലേപ്പറക്കുളത്തും കരുമാൻതോട്ടിലും ടാങ്കുകളുണ്ട്. വേനൽക്കാലത്ത് ശുദ്ധജലക്ഷാമം ഏറുമ്പോൾ നിലവിലുള്ള സംവിധാനത്തിൽ പഞ്ചായത്തിലെ എല്ലാ മേഖലകളിലും യഥാ സമയം വെള്ളം എത്തിക്കാൻ കഴിയുന്നില്ല. വേനൽ കടുക്കുന്നതോടെ ഉയർന്ന പ്രദേശങ്ങളിലെ താമസക്കാർ വെള്ളത്തിലിനായി നെട്ടോട്ടമോടേണ്ടി വരും.

14 വർഷം മുമ്പ് ആരംഭിച്ച പദ്ധതി

ശേഷി വർദ്ധിപ്പിക്കാതെ പൈപ്പുലൈനുകൾ നീട്ടിയത് വിനയായി

മോട്ടോറുകളുടെ ശേഷിക്കുറവും പൈപ്പ് പൊട്ടിയതും പ്രശ്നം,

പരിഹാരം ജൽജീവൻ

തണ്ണിത്തോട് ശുദ്ധജല വിതരണ പദ്ധതി പ്രതിസന്ധിയിലായതോടെ നാട്ടുകാരുടെ പ്രതീക്ഷ ജൽജീവൻ പദ്ധതി

യിലാണ്. പദ്ധതിയുടെ പണി നേരത്തെ ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. അടുത്ത വേനൽക്കാലത്തിന് മുമ്പ് പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

-----------------------

തണ്ണിത്തോട് പഞ്ചായത്തിലെ ജൽ ജീവൻ പദ്ധതിയുടെ പണി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

ഷാജി സാമുവേൽ ( പ്രസിഡന്റ്, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് )