
ശബരിമല : ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ഹൈക്കോടതി പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയെങ്കിലും നിലയ്ക്കലിൽ തുടരുന്ന കുപ്പിവെള്ള വിൽപന പൂങ്കാവനത്തിൽ പ്ളാസ്റ്റിക്ക് മാലിന്യം നിറയാൻ കാരണമാകുന്നു. പ്ലാസ്റ്റിക് മാലിന്യം പ്രകൃതിക്കും വന്യജീവികൾക്കും ഭീഷണിയായ സാഹചര്യത്തിൽ നിരോധനം ഏർപ്പെടുത്തുകയായിരുന്നു. കുപ്പിവെള്ളത്തിനു പുറമെ ടെട്രാപാക്കറ്റുകളിലും ചില്ലുകുപ്പികളിലുമായി വിറ്റിരുന്ന ശീതള പാനീയങ്ങളുടെ വിൽപ്പനയും സന്നിധാനത്തും പമ്പയിലും നിരോധിച്ചിട്ടുണ്ട്. ഇതിനുപകരമായി പമ്പ മുതൽ സന്നിധാനം വരെ 'ശബരീ തീർത്ഥം' എന്ന പേരിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി 106 കുടിവെള്ള കിയോസ്കുകളും സ്ഥാപിച്ചു. ശബരീ തീർത്ഥം പദ്ധതി നിലയ്ക്കലിൽ നടപ്പാക്കത്തതാണ് കുപ്പിവെള്ള വിൽപ്പന വ്യാപകമാകാൻ കാരണം. നിലയ്ക്കലിൽ എത്തുന്ന തീർത്ഥാടകർ കുപ്പിവെള്ളവും വാങ്ങി പമ്പയിലേക്കും സന്നിധാനത്തേക്കും പോകുമ്പോൾ പ്ളാസ്റ്റിക്ക് ബോട്ടിലുകൾ പലപ്പോഴും വഴിയോരങ്ങളിൽ ഉപേക്ഷിക്കുകയാണ്.
ശബരീ തീർത്ഥം
'റിവേഴ്സ് ഓസ്മോസിസ് ' (ആർ.ഒ) പ്രക്രിയ വഴി ശുദ്ധീകരിച്ച വെള്ളമാണ് ശബരീ തീർത്ഥം പദ്ധതിയിലൂടെ വിതരണം ചെയ്യുക. മണിക്കൂറിൽ 35,000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ഇതിനായുള്ളത്. പമ്പാത്രിവേണിയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം പമ്പ, നീലിമലബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ ടാങ്കുകളിലെത്തിച്ചാണ് വിതരണം.
പമ്പയിൽ 2.8 ലക്ഷം ലിറ്റർ, രണ്ട് ലക്ഷം ലിറ്റർ, 1.35 ലക്ഷം ലിറ്റർ എന്നിങ്ങനെ സംഭരണശേഷിയുള്ള മൂന്ന് ടാങ്കുകളുണ്ട്. നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ടാങ്കുകൾക്ക് രണ്ട് ലക്ഷം ലിറ്റർ വീതമാണ് സംഭരണശേഷി. ശരംകുത്തിയിലേത് ആറ് ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്ക് ആണ്. കൂടാതെ പാണ്ടിത്താവളത്തിന് സമീപം ദേവസ്വം ബോർഡിന്റെ 40 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്കുകളുണ്ട്.