bamboo

പ്രമാടം : വനംവകുപ്പ് വർക്ക് പ്ളാൻ പുതുക്കിയതോടെ ഡിപ്പോകളിൽ ഈറ്റ എത്തുമെന്ന പ്രതീക്ഷയിലാണ് ബാംബു കോർപ്പറേഷനും കർഷകരും. അഞ്ച് വർഷത്തെ വർക്ക് പ്ളാൻ പുതുക്കാതിരുന്നതാണ് ആറ് മാസമായി തുടരുന്ന പ്രതിസന്ധിക്ക് കാരണം.

കേരളകൗമുദി റിപ്പോർട്ടിനെ തുടർന്ന് രണ്ട് വർഷത്തേക്കാണ് ഇപ്പോൾ പുതുക്കിയിരിക്കുന്നത്. ഇതോടെ ഈറ്റവെട്ട് പുന:രാരംഭിക്കാൻ നടപടികൾ തുടങ്ങി.

വനംവകുപ്പും ബാംബു കോപ്പറേഷനും തമ്മിലുള്ള തർക്കത്തെ തുടർന്ന് ആറ് മാസമായി വർക്ക് പ്ളാൻ പുതുക്കിയിരുന്നില്ല. ഇതേ തുടർന്ന് പൂങ്കാവ് മാതൃകാ ഡിപ്പോ ഉൾപ്പടെ അടച്ചുപൂട്ടൽ ഭീഷണിയിലായി. വനംവകുപ്പ് അഞ്ച് വർഷത്തെ വർക്ക് പ്ളാൻ തയ്യാറാക്കിയ ശേഷമാണ് റാന്നി, ഗൂഡ്രിക്കൽ, വടശേരിക്കര, ആങ്ങമൂഴി റേഞ്ചുകളിൽ നിന്ന് ഈറ്റ വെട്ടാൻ ഓരോ വർഷവും ബാബു കോർപ്പറേഷന് അനുമതി നൽകുന്നത്. എന്നാൽ ഇത്തവണ കാലാവധി കഴിഞ്ഞിട്ടും വർക്ക് പ്ളാൻ പുതുക്കാൻ വനംവകുപ്പ് തയ്യാറായിട്ടില്ല. ഇതുമൂലം വനത്തിൽ വൻതോതിൽ ഈറ്റ വളർന്നെങ്കിലും ഇവയെല്ലാം പുഷ്പിച്ച് നഷ്ടമാകുന്ന അവസ്ഥയിലായിരുന്നു. ശബരിമല തീർത്ഥാടന പാതയിലും ഈറ്റകൾ റോഡിലേക്ക് നിൽക്കുന്നത് യാത്രാ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം കോന്നി,റാന്നി, വടശ്ശേരിക്കര റേഞ്ചുകളിൽ നിന്ന് 8200 മെട്രിക് ടൺ ഈ​റ്റ ശേഖരിക്കുന്നതിന് കോർപ്പറേഷന് അനുമതി നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം യഥാസമയം ഈ​റ്റ ശേഖരിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ജി.എസ്.ടി കുടിശിക വരുത്തുകയും ചെയ്തു.

ആറ് മാസമായി ഡിപ്പോകൾ കാലി

ഈറ്റ എത്താത്തതിനാൽ കോർപ്പറേഷന്റെ ഡിപ്പോകൾ ആറ് മാസമായി അടഞ്ഞു കിടക്കുകയാണ്. പത്തനംതിട്ട ഡിവിഷന്റെ കീഴിൽ പൂങ്കാവ്, തോലുഴം, ശാസ്താംകോട്ട, താമരക്കുളം ഡിപ്പോകളാണ് പ്രവർത്തിക്കുന്നത്. ഇവയെല്ലാം ലാഭത്തിൽ പ്രവർത്തിച്ചിരുന്നതാണ്. ഇതിൽ പൂങ്കാവ് എ ക്ളാസ് മാതൃകാ ഡിപ്പോയാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഇവിടെ ഈ​റ്റവ്യാപാരം നടന്നിരുന്നത്. ‌ഈറ്റ ഇല്ലാതായതോടെ വെറ്റിലക്കൊടി കർഷകരും പരമ്പരാഗത കുടിൽ വ്യവസായ തൊഴിലാളികളും ദുരിതത്തിലാണ്.

തൊഴിലാളികൾ പ്രതിസന്ധിയിൽ

വനത്തിൽ നിന്ന് ഈറ്റ മുറിക്കുന്നവർ, കയറ്റിറക്ക് തൊഴിലാളികൾ, ലോറി ജീവനക്കാർ, ഡിപ്പോ തൊഴിലാളികൾ, ഈറ്റവെട്ടൽ കേന്ദ്രങ്ങളിൽ ഹോട്ടലും ചായക്കടയും നടത്തി ഉപജീവനം നടത്തുന്നവർ ഇവരെല്ലാം മാസങ്ങളയി ദുരിതത്തിലാണ്. ആയിരത്തോളം അംഗീകൃത തൊഴിലാളികൾ ആങ്ങമൂഴിയിൽ മാത്രമുണ്ട്. നാലുവശവും വനത്താൽ ചുറ്റപ്പെട്ട അട്ടത്തോട് ആദിവാസി സങ്കേതനിവാസികൾക്ക് ഈ​റ്റവെട്ട് മാത്രമാണ് ഏക ഉപജീവനമാർഗം.