റാന്നി : കുരുമ്പൻമൂഴിക്ക് പിന്നാലെ അരയാഞ്ഞിലിമൺ ഇരുമ്പ് പാലവും യാഥാർത്ഥ്യമാകുന്നു. സംസ്ഥാന പട്ടികവർഗ വകുപ്പിന്റെ 2.7 കോടി രൂപ ചെലവിട്ട് നടപ്പാലം നിർമ്മിക്കും. കേരള കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്ന് പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമൺ കോസ്‌വേ വെള്ളത്തിനടിയിലായി പ്രദേശം ഒറ്റപ്പെടുന്ന സാഹചര്യമായിരുന്നു. 2018 ലെ പ്രളയത്തിൽ നടപ്പാലം നശിച്ചു പോയതാണ് പ്രതിസന്ധിക്ക് കാരണമായത്. 400 കുടുംബങ്ങളിലെ രണ്ടായിരത്തിൽപരം ആളുകളാണ് പ്രദേശത്ത് താമസിക്കുന്നത്. കോസ് വേ മുങ്ങിയാൽ അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയിൽ പോകാനോ ഭക്ഷ്യസാധനങ്ങൾ വാങ്ങാനോ കുട്ടികൾക്ക് സ്കൂളിൽ പോകാനോ കഴിയാത്ത സാഹചര്യമാണുള്ളത്.
ജനങ്ങളുടെ ദുരിതം പ്രമോദ് നാരായൺ എം.എൽ.എ മുൻ പട്ടികവർഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ മന്ത്രി ഈ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. തുടർന്നാണ് ഫണ്ട് അനുവദിച്ചത്. പാലത്തിനായുള്ള രൂപരേഖയും എസ്റ്റിമേറ്റും നേരത്തെ തയ്യാറാക്കിയിരുന്നു.
പദ്ധതി ഇങ്ങനെ
അരയാഞ്ഞിലിമൺ പാലം:
നീളം : 83 മീറ്റർ
വീതി : 1.30 മീറ്റർ
ചെലവ് : 2.7 കോടി