പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കേരള പൊലീസ് അന്വേഷിച്ചാൽ തെളിയില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. പി.പി. ദിവ്യയുടെ അറസ്റ്റ് നാടകമായിരുന്നുവെന്ന് വ്യക്തമാണ്. ജില്ലാ കളക്ടറുടെ പങ്കാളിത്തത്തെ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ശരിയായ അന്വേഷണം നടക്കണമെന്നാണ് നവീനിന്റെ കുടുംബവും ആഗ്രഹിക്കുന്നത്. അതുണ്ടാകുന്നില്ലെന്നു കണ്ടാൽ സി.ബി.ഐ അന്വേഷണത്തെ അവരും സ്വാഗതംചെയ്യും.
പാലക്കാട്ട് യു.ഡി.എഫ് ജയിക്കുമെന്നതിൽ തർക്കമില്ല. പ്രചാരണത്തിൽ സി.പി.എം പച്ചയായ വർഗീയത കളിച്ചു. സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയത് വേണ്ട കൂടിയാലോചയോടെയാണെന്നും അദ്ദേഹം പറഞ്ഞു.
സജിചെറിയാൻ രാജിവയ്ക്കണം
ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗത്തെ സംബന്ധിച്ച് ഹൈക്കോടതി തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ അധികാരത്തിൽ തുടരാൻ മന്ത്രി സജിചെറിയാന് അവകാശമില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രിക്കെതിരേ തെളിവില്ലെന്ന പൊലീസ് റിപ്പോർട്ട് തള്ളിക്കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു. മന്ത്രിയുടെ പ്രസംഗത്തിൽ കോടതി സംശയങ്ങൾ പ്രകടിപ്പിച്ച സാഹചര്യത്തിൽ രാജിവച്ചൊഴിയുകയാണ് വേണ്ടത്. ഇതിനു മുമ്പും കോടതി പരാമർശത്തിന്റെ പേരിൽ മന്ത്രിമാർ രാജിവച്ചിട്ടുണ്ട്.