1
മണിമലയാറ്റിൽ പടുതോട് പമ്പ് ഹൗസിന് സമീപം അടിഞ്ഞുകൂടിയ മുളങ്കുട്ടവും മാലിന്യവും .

മല്ലപ്പള്ളി: പടുതോട് പമ്പ് ഹൗസിന് സമീപം മാലിന്യം ഒഴുകിയെത്തുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. പുറമറ്റം, എഴുമറ്റൂർ പഞ്ചായത്തുകളിൽ വെള്ളം പമ്പ് ചെയ്യുന്ന മണിമലയാറ്റിലെ പമ്പ് ഹൗസിന് സമീപമാണ് മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ നദീതീരത്ത് നിന്ന് കടപുഴകി വീണ മുളംങ്കൂട്ടങ്ങളിലാണ് മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നത്. ഇതിൽ പ്ലാസ്റ്റിക് കുപ്പികൾ അടക്കം ജൈവ അജൈവമാലിന്യം ഏറെയാണ്.പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യം ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ മാറ്റിയെങ്കിലും പമ്പ് ഹൗസിന് സമീപത്തേത് നീക്കം ചെയ്തിട്ടില്ല. പുറമറ്റം പഞ്ചായത്തിലെ ചീനിക്കാല, കാവുങ്കൽ, പത്രണ്ടുപറ, ബ്ലോക്കുമല , പിച്ചാത്തികല്ലുങ്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവരും എഴുമറ്റൂർ പഞ്ചായത്തിലെ കാരമല, കാട്ടോലിപ്പാറ, വേങ്ങഴത്തടം, മുളയ്കൽ , വട്ടരി , മലേക്കീഴ് എന്നീ പ്രദേശങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ഇവിടെ നിന്ന് എത്തുന്ന വെള്ളത്തെയാണ് ആശ്രയിക്കുന്നത്. മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ ജലജന്യ രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യത ഏറെയാണ്. കൂടുതൽ മാലിന്യങ്ങൾ അടിഞ്ഞ് ചെളി കയറി മൺപുറ്റ് രൂപപ്പെട്ട് മുളകൾ വള‌ന്ന് പന്തലിച്ചാൽ ഇവിടം കരയായി മാറാനുള്ള സാദ്ധ്യതയും ഉണ്ട്. അങ്ങനെ സംഭവിച്ചാൽ കിണറുകളിലെ ഉറവ വറ്റാനും ഇടയുണ്ട്.

............................

നിരവധി തവണ ജനപ്രതിനിധികൾ അടക്കമുള്ളവർ ജല അതോറിറ്റി അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും തുടർ നടപടികൾ സ്വീകരിച്ചില്ല. മുളയും സമീപത്തെ മാലിന്യവും നീക്കം ചെയ്യുന്നതിന് നേരിട്ട കാലതാമസം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് രേഖാമൂലം അറിയിപ്പ് നൽകിയിട്ടുണ്ട്.

സാജൻ മാത്യു

(എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത്

വൈസ് പ്രസിഡന്റ്)