അടൂർ : യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ പുതുശേരിഭാഗം ഹരീഷ് ഭവനിൽ ഹരിഷ് (37) നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹിതയായ യുവതിയോട് നടത്തിയ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കഴിഞ്ഞ 15നാണ് യുവതിയെ ആക്രമിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2.30ന് ഏഴംകുളം കുതിരമുക്ക് ഭാഗത്തുനിന്നാണ് ഏനാത്ത് പൊലീസ് ഇയാളെ പിടികൂടിയത്. പുലർച്ചെ 4.30 ഓടെ വൈദ്യ പരിശോധനയ്ക്കായി അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു.രക്തസമ്മർദ്ദം കൂടുതലായതിനാൽ അരമണിക്കൂർ നിരീക്ഷണത്തിൽ കിടത്തി. തുടർന്ന് ഏനാത്ത് സ്‌റ്റേഷനിലെത്തിച്ചു. അൽപം കഴിഞ്ഞപ്പോൾ ഇയാൾ ഛർദ്ദിക്കാൻ തുടങ്ങി. വീണ്ടും ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിഷം കഴിച്ചതായി ഡോക്ടറോട് പറഞ്ഞത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചുവച്ചിരുന്ന വിഷം,​ ആദ്യം ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കഴിച്ചത്.