പത്തനംതിട്ട: മതം മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള ഉപായമാക്കി മാറ്റുന്ന ഭരണം രാജ്യത്തിന് അപകടമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പ്രസിദ്ധീകരണ സ്ഥാപനമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സംഘടിപ്പിച്ച നിത്യ ചൈതന്യ യതി ജന്മ ശതാബ്ദി സമ്മേളനം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരം നിലനിറുത്താൻ ഭാരതത്തിന്റെ പാരമ്പര്യത്തിനു കളങ്കമേൽപ്പിക്കാൻ മടിയില്ലാത്തവരാണ് ഇന്നത്തെ ഭരണക്കാർ. യതിയുടെ ഏകമത സങ്കല്പത്തിന് ഒരുകാലത്തും പ്രസക്തി നഷ്ടമാവില്ല. കേരളത്തിന്റെയും രാജ്യത്തിന്റെയും കലുഷിതമായ ഇന്നത്തെ അന്തരീക്ഷത്തിൽ പ്രതീക്ഷയോടെ നോക്കാൻ കഴിയുന്ന നിത്യഗുരുവാണ് യതിയെന്ന് ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറിയും പ്രിയദർശിനി വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു അദ്ധ്യക്ഷത വഹിച്ചു.
യതിയുടെശിഷ്യൻ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, മുൻ മന്ത്രി പന്തളം സുധാകരൻ, കോൺഗ്രസ് നേതാക്കളായ കെ. ശിവദാസൻ നായർ, കെ. ജയവർമ, കെ. ജാസിംകുട്ടി, എ. സുരേഷ് കുമാർ, പ്രൊഫ പി. കെ മോഹൻരാജ്, അഹ്‌മദ് ഷാ, വെട്ടൂർ ജ്യോതി പ്രസാദ്, ജോൺസൻ വിളവിനാൽ, എം സി ഷെരീഫ്,കാട്ടൂർ അബ്ദുൽ സലാം, സിന്ധു അനിൽ, വിനീത അനിൽ, എന്നിവർ പങ്കെടുത്തു.