ശബരിമല : പുല്ലുമേട് വഴി ശബരിമല ദർശനത്തിനെത്തിയ 34 അംഗ സംഘത്തിലെ അവശരായ മൂന്നുപേരെ ഇന്നലെ രാത്രി​ സംയുക്ത സേനാവിഭാഗം വനത്തി​ൽ നി​ന്ന് രക്ഷപ്പെടുത്തി. ചെന്നൈ ഏലൂർ റാണിപ്പേട്ട് സ്വദേശികളായ വരുൺ (20), കോടീശ്വരൻ (40), ലക്ഷ്മണൻ (50) എന്നിവരാണ് കുടുങ്ങിയത്. ഇവരെ വനംവകുപ്പ്, എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പൊലീസ് സേനാംഗങ്ങൾ സംയുക്തമായി സ്ട്രെച്ചറിലും കൈകോർത്തു പിടിച്ച് ചുമന്നുമാണ് പുറത്ത് എത്തിച്ചത്. സന്നിധാനം പുൽമേട് പാതയിൽ മൂന്ന് കിലോമീറ്റർ ഉള്ളിലായി കഴുതക്കുഴിക്ക് സമീപമാണ് ഇവർ ഉണ്ടായിരുന്നത്. രാത്രി 8.45ന് ഇവരെ സന്നിധാനം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.