മൂന്ന് പേരും കസ്റ്റഡിയിൽ

പത്തനംതിട്ട: ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ നാലാം വർഷ ബി.എസ് സി നഴ്സിംഗ് വിദ്യാർത്ഥിനി തിരുവനന്തപുരം സ്വദേശി അമ്മു എ. സജീവ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ മൂന്നു സഹപാഠികളെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം കുണ്ടയം സ്വദേശി അലീന, ചങ്ങനാശേരി സ്വദേശി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന എന്നിവരാണ് കസ്റ്റഡിയിൽ. ഇവർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മു സജീവിനെ താഴെ വെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ നിലയിൽ കണ്ടത്. ഗുരുതരമായി പരിക്കറ്റ അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

സഹപാഠികളായ മൂന്നു പെൺകുട്ടികൾ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. മൈഗ്രേൻ പോലുളള ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വലഞ്ഞിരുന്ന അമ്മുവിനെ ഇവർ ശല്യപ്പെടുത്തിയിരുന്നുവത്രേ. സ്റ്റഡി ടൂറിന് പോകാൻ തയാറാകാതിരുന്ന അമ്മുവിനെ ടൂർ കോ ഓർഡിനേറ്ററാക്കി. പ്രഖ്യാപനം വന്നപ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു.

കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുന്നെന്നാരോപിച്ച് ഇന്നലെ കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

സംശയമുണ്ടെന്ന് സഹോദരൻ

അമ്മു ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരൻ അഖിൽ സജീവ് ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. കോളേജ്, ഹോസ്റ്റൽ അധികൃതരുടെ നടപടി സംശയകരമാണ്. തങ്ങളുടെ ആവശ്യപ്രകാരമാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത് എന്ന പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതരുടെ വിശദീകരണം തെറ്റാണ്. അമ്മയുടെ വീട് കോട്ടയത്താണ്. അതുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിൽ തങ്ങൾക്ക് എതിർപ്പുണ്ടായിരുന്നില്ല. പരിക്കേറ്റ അമ്മുവുമായി എത്തിയവരിൽ ആരോ ആകാം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ പറഞ്ഞതെന്നും അഖിൽ പറഞ്ഞു.