 
മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാരകത്താനി 67-ാം അങ്കണവാടിയുടെ കെട്ടിടത്തിന്റെ പണികൾ വീണ്ടും ആരംഭിച്ചു. 2017-18ൽ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ എട്ട് ലക്ഷം രൂപയും ഐ.സി.ഡി എസ് ഫണ്ടിൽ നിന്ന് ഏഴ് ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് നിർമ്മാണം തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ പില്ലറുകളുടെയും ഒന്നാം നിലയുടെ കോൺക്രീറ്റിംഗും പൂർത്തിയാക്കിയതോടെ പണികൾ നിലച്ചു. പിന്നീട് നാലു വർഷത്തിന് ശേഷം കഴിഞ്ഞ ഡിസംബറിൽ രണ്ടാം ഘട്ട പ്രവർത്തികൾ ആരംഭിച്ചെങ്കിലും മൂന്ന് നിലകളിലുള്ള കെട്ടിടത്തിന്റെ ഒന്നാംനില പോലും പൂർത്തീകരിക്കാനായില്ല. ഇതു സംബന്ധിച്ചുള്ള വാർത്ത കേരള കൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നവീകരണം ഇന്നലെ മുതൽ ആരംഭിച്ചത്. പടുതോട് - എഴുമറ്റൂർ ബാസ്റ്റോ റോഡിൽ നാരകത്താനി കവലയ്ക്ക് സമീപമാണ് കെട്ടിടം നിർമ്മിക്കുന്നത്. റോഡ് നിരപ്പിന് താഴെയായി ഹാൾ റോഡിന് അഭിമുഖമായാണ് അങ്കണവാടിയുടെ നിർമ്മാണം. ഒന്നാം നിലയിൽ വാർഡുതല കുടുംബശ്രീ ഓഫീസ്, ഗ്രാമകേന്ദ്രം എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്. പഞ്ചായത്ത് ഫണ്ടും നാട്ടുകാരിൽ നിന്ന് സമാഹരിച്ച തുകയും ഉൾപ്പെടെ മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിട നിർമ്മാണത്തിനായുള്ള മൂന്ന് സെന്റ് സ്ഥലം വാങ്ങിയത്. ഒരു സെന്റ് സൗജന്യമായി ലഭിച്ചു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി എത്രയും പെട്ടന്ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ലെന്ന പ്രദേശവാസികളുടെ ആക്ഷേപം ശക്തമായിരുന്നു. പ്രവർത്തികൾ വീണ്ടും ആരംഭിച്ചതോടെ ഒന്നാം നിലയുടെ പണികൾ പൂർത്തീകരിച്ച് അങ്കണവാടിയുടെ പ്രവർത്തികൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.