
അടൂർ : ഏറത്ത് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ശാരീരിക മാനസികോല്ലാസത്തിന് സഹായകമായതും, അവർക്ക് പങ്കെടുക്കാൻ കഴിയുന്നതുമായ ഇനങ്ങൾ ഉൾപ്പെടുത്തിയാണ് കലോത്സവം നടത്തുന്നത്. കുട്ടികളുടെ രക്ഷിതാക്കളെയും, അദ്ധ്യാപകരെയും പങ്കെടുപ്പിച്ച് ആകർഷകവും സന്തോഷകരവുമായ ഒരു കൂടിച്ചേരലിന് ഗ്രാമപഞ്ചായത്ത് അവസരം ഒരുക്കുകയാണെന്ന് പ്രസിഡന്റ് അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.