aptha-mithra

ശബരിമല : അടിയന്തര സാഹചര്യങ്ങളിലും ദുരന്തമുഖത്തും അഗ്നി സുരക്ഷാസേനയ്ക്ക് ഒപ്പം പ്രവർത്തിക്കാൻ ശബരിമലയിൽ ആപ്ത മിത്ര സിവിൽ ഡിഫെൻസ് വോളന്റിയേഴ്സ് സേന സുസജ്ജം. സന്നിധാനത്തും പമ്പയിലുമായി 15 വീതം വോളന്റിയർമാരെയാണ് വിന്യസിച്ചിരിക്കുന്നത്. റെസ്‌ക്യൂ ഓപ്പറേഷൻ, സ്‌ട്രെച്ചർ ഡ്യൂട്ടി എന്നിവയിൽ അഗ്നിരക്ഷാ സേനയുടെ പരിശീലനം ലഭിച്ചവരാണ് ഇവർ. പുൽമേട്ടിൽ അകപ്പെട്ട അയ്യപ്പഭക്തരെ രക്ഷിക്കുന്നതിലും മരക്കൂട്ടത്തിനു താഴെ 12-ാം വളവിൽ അപകടാവസ്ഥയിൽ നിന്ന മരം മുറിച്ചു നീക്കുന്നതിലും മികച്ച സേവനമാണ് ആപ്ത മിത്ര നൽകിയത്. മല ചവിട്ടുന്ന സ്വാമിമാർക്ക് ആരോഗ്യപ്രശനങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പ്രാഥമിക വൈദ്യ സഹായം ലഭ്യമാക്കുന്നതിനും സിവിൽ ഡിഫെൻസ് വോളന്റീയർമാർ സജ്ജരാണ്. സംസ്ഥാനാത്തുടനീളമുള്ള അഗ്നിസുരക്ഷാ നിലയങ്ങളുടെ പരിധിയിൽ നിന്ന് തിരഞ്ഞെടുത്ത സ്റ്റേഷൻ, ജില്ലാ, സംസ്ഥാന തല പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ആപ്ത മിത്ര വോളന്റിയർമാർ. ഇവർക്ക് ആവശ്യമായ റെസ്‌ക്യൂ കിറ്റ് ,യൂണിഫോം, ഐ.ഡി കാർഡ് എന്നിവ അഗ്നി സുരക്ഷാ സേന നൽകിയിട്ടുണ്ട്.