റാന്നി: ഇട്ടിയപ്പാറ - ഒഴുവൻപാറ റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ആവശ്യപ്പെട്ടു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നിയോജക മണ്ഡല വികസന വിശകലന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാട്ടർ അതോറിറ്റിയുടെ പണികൾ അതിവേഗം പൂർത്തീകരിക്കേണ്ടതുണ്ട്. ഇതാണ് റോഡ് നിർമ്മാണം വൈകുന്നതിന് കാരണമായി പറയുന്നത്. കിഫ്ബി നിർമ്മിക്കുന്ന ചെറുകോൽപ്പുഴ - റാന്നി റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി കെ.എസ്.ഇ.ബിയും വാട്ടർ അതോറിറ്റിയും അവരുടെ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിനെ അടിയന്തരമായി ഏൽപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുതമൺ-കുട്ടത്തോട്, പാരച്ചുവട് - നരിക്കുഴി റോഡുകളുടെ അവശേഷിക്കുന്ന പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കി റോഡ് സഞ്ചാര യോഗ്യമാക്കണം. റാന്നി കോർട്ട് കോംപ്ലക്സിന്റെ നിർമ്മാണം നീണ്ടുപോകുന്നത് വലിയ പരാതികൾക്ക് ഇടയാക്കുന്നു. കേരള കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണച്ചു മതല. കോർട്ട് കോംപ്ലക്സിന്റെ നിർമ്മാണം ആരംഭിക്കാൻ ഉണ്ടാകുന്ന കാലതാമസം പരിഹരിക്കുവാൻ കോർപ്പറേഷൻ എം.ഡിയോട് ആവശ്യപ്പെടും. മഠത്തുംചാൽ -മുക്കൂട്ടുതറ റോഡിന്റെ കരാറിന് ആംഗീകാരം നൽകിയിട്ടുണ്ട്.